ഓപ്പറേഷന്‍ അനന്ത ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സമരത്തിന്
മണ്ണാര്‍ക്കാട്: ഓപ്പറേഷന്‍ അനന്ത പാതിവഴിയില്‍ ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സമര പരിപാടികള്‍ക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 22ന് രാവിലെ 10ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യു വകുപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാഴായിരിക്കുകയാണ്. നഗരവികസനത്തിന്റെ ഭാഗമായി പൊളിച്ച പ്രദേശങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമൂലം വ്യാപാരികളും കെട്ടിടയുടമകളും ദുരിതമനുഭവിക്കുകയാണ്. കാര്യക്ഷമമായ ഏകോപനമില്ലാത്തതിനാല്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട വികസനങ്ങളും അനിശ്ചിതത്വത്തിലാണ്. ഓപ്പറേഷന്‍ അനന്തയോട് പൂര്‍ണമായും സഹകരിച്ച വ്യാപാരികളെയും കെട്ടിടയുടമകളെയും റവന്യു വകുപ്പ് വഞ്ചിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ ബാസിത്ത് മുസ്ലിം, ബൈജു രാജേന്ദ്രന്‍, രമേശ് പൂര്‍ണിമ, സി.എച്ച് അബ്ദുല്‍ഖാദര്‍, ബില്‍ഡിങ് ഓണേഴ്‌സ് ഭാരവാഹി റീഗള്‍ മുസ്തഫ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."