ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി; ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തിവെപ്പിച്ചു
ഗുരുവായൂര്‍: ബംഗാളി യുവാവിന് മലമ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവിഭാഗം നടപടികള്‍ ശക്തമാക്കി. പടിഞ്ഞാറെ നടയിലെ ഫ്‌ളാറ്റ് നിര്‍മാണകേന്ദ്രത്തിലെ തൊഴിലാളിക്കാണ് മലമ്പനി കണ്ടത്. കഴിഞ്ഞയാഴ്ച നാട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ഇയാളുടെ കൂടെ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് രക്തസാമ്പിള്‍ എടുത്തു. മറ്റാര്‍ക്കും രോഗം പിടിപെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ഫ്‌ളാറ്റ് നിര്‍മാണകമ്പനി ഇവരെ താമസിപ്പിച്ചിരുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലം ഏര്‍പ്പാടാക്കുന്നതുവരെ ഫ്‌ളാറ്റിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സ്ഥലത്തെത്തിയ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശം നല്‍കി.
15 അന്യസംസ്ഥാന തൊഴിലാളികളാണ് ഈ താമസകേന്ദ്രത്തിലുള്ളത്. വൃത്തിഹീനമായ കൂടാരങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഷീറ്റ് മറച്ചുണ്ടാക്കിയ കൂടാരത്തില്‍ ഈച്ചയും കൊതുകും പെരുകിയ അന്തരീക്ഷത്തിലാണ് ഭക്ഷണം വെച്ചുകഴിക്കുന്നത്. താമസസ്ഥലത്തിന് തൊട്ടുതന്നെയാണ് മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നത്. ഇതില്‍നിന്നുള്ള മാലിന്യം തൊട്ടടുത്ത പാടത്തേക്കാണ് ഒഴുക്കിയിരുന്നത്.
ഈ സാഹചര്യത്തില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണെന്ന് സ്ഥലത്തെത്തിയ ആരോഗ്യവിഭാഗത്തിന് ബോധ്യപ്പെട്ടു. വൃത്തിയുള്ള സാഹചര്യം ഒരുക്കി മാത്രമേ ഇവരെ താമസിപ്പിക്കാന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് അധികാരികള്‍. ഹെല്‍ത്ത് കാര്‍ഡ് വേണമെന്ന നഗരസഭാ നിര്‍ദ്ദേശവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."