മനസ് വിശാലമായാല്‍ പ്രയാസം ചുരുങ്ങിവരും
സങ്കടക്കടലിലാപതിച്ചു കഴിയുന്ന ശിഷ്യന്‍ പ്രശ്‌നപരിഹാരം തേടിയാണ് ആശ്രമത്തിലെത്തിയത്. ഗുരുവിനോട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞപ്പോള്‍ ഗുരു പറഞ്ഞു:
''നീ ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരുപിടി ഉപ്പ് കലക്കി അതു കുടിക്കണം. ഇവിടെ വച്ചുതന്നെയാണ് അതു ചെയ്യേണ്ടത്...''
തനിക്കു വിധിച്ച മരുന്നായിരിക്കും എന്നു കരുതി ശിഷ്യന്‍ ഗുരു പറഞ്ഞതുപോലെ ചെയ്തു. കുടിക്കാന്‍ അല്‍പം പ്രയാസമുണ്ടായിരുന്നുവെങ്കിലും കുടിച്ചു. കുടിച്ചപ്പോള്‍ ഗുരു ചോദിച്ചു:
''എങ്ങനെയുണ്ട്....''
''വല്ലാത്ത ഉപ്പുരസം.''
''ഉപ്പുരസമോ.. എങ്കില്‍ നമുക്ക് അതിന്റെ ഉപ്പ് ഇല്ലാതാക്കാം. നീ ഒരുപിടി ഉപ്പു കൂടി എടുത്ത് ആശ്രമമുറ്റത്തെ കുളത്തില്‍ കലക്കണം. എന്നിട്ട് അതില്‍നിന്ന് ഒരുമുറുക്കു കുടിക്കുക..''
പറഞ്ഞപോലെ അദ്ദേഹം അതും ചെയ്തു.
ഗുരു ചോദിച്ചു: ''ഇപ്പോള്‍ എങ്ങനെയുണ്ട്?''
''തെളിഞ്ഞ ശുദ്ധജലം.''
''അതില്‍ ഉപ്പുരുചിയുണ്ടോ.''
''ഇല്ല.''
''അപ്പോള്‍ നേരത്തെ ഉപ്പുരുചിയുണ്ടായതോ...?''
''അത് ഒരു ഗ്ലാസ് വെള്ളത്തിലായതുകൊണ്ടല്ലേ..''
നിഷ്‌കളങ്കമായ ഈ മറുപടി കേട്ടപ്പോള്‍ ഗുരു ഒന്നു പുഞ്ചിരിച്ചിട്ടു പറഞ്ഞു:
''ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ഈ ഉപ്പുപോലെയാണ്. അതു കൂടുതലാണോ കുറവാണോ എന്ന കാര്യം നിരുപാധികം പറയാനാവില്ല. ഉപ്പ് നിക്ഷേപിക്കപ്പെടുന്ന പാത്രത്തിനനുസരിച്ചിരിക്കും അതിന്റെ ഏറ്റക്കുറച്ചില്‍. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരുപിടി ഉപ്പ് വളരെ കൂടുതലാണ്. കുടിച്ചാല്‍ അതു നന്നായി അറിയാനുണ്ടാകും. അതേ ഒരുപിടി ഉപ്പ് കുളത്തിലെ ഗ്യാലന്‍ കണക്കിനു വരുന്ന വെള്ളത്തിലേക്കിട്ടാല്‍ അതെവിടെയും കാണില്ല. ഒന്നല്ല പത്തുപിടിയിട്ടാല്‍പോലും ഉപ്പിട്ട വെള്ളമാണോ എന്നു തെളിയുകയില്ല. നിക്ഷേപിക്കപ്പെടുന്ന പാത്രത്തിന്റെ വിശാലയാണതിനു കാരണം.
ഗുരു തുടര്‍ന്നു:
ചെറിയ മനസിനു പ്രശ്‌നങ്ങളെന്നാല്‍ താങ്ങാന്‍ കഴിയാത്ത സംഭവമാണ്. അതേസമയം വലിയ മനസിന് അതു പ്രശ്‌നങ്ങളായി തോന്നുക പോലും ചെയ്യില്ല. എങ്കില്‍, പ്രശ്‌നങ്ങളല്ല പ്രശ്‌നം, മനസിനു വിശാലതയില്ലാത്തതാണു പ്രശ്‌നം എന്നു വരുന്നു. മനസ് ഗ്ലാസ് കണക്കെ ചെറുതാണെങ്കില്‍ ചെറിയ പ്രശ്‌നം പോലും വലിയ പ്രശ്‌നമായിരിക്കും. തടാകം പോലെ വിശാലമാണെങ്കില്‍ പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളേ ആയിരിക്കില്ല. പകരം അവസരങ്ങളും ചവിട്ടുപടികളുമായിരിക്കും..''
പ്രശ്‌നങ്ങള്‍ വലുതായതല്ല, മനസ് ചെറുതായതാണു പ്രശ്‌നകാരണം. പ്രശ്‌നങ്ങള്‍ക്കു വലിപ്പവും ചെറുപ്പവുമില്ല. വലിയ പ്രശ്‌നമാണെന്നു പറയുന്നത് ചെറിയ മനസുകള്‍ക്കാണ്. ചെറിയ പ്രശ്‌നമാണെന്നു പറയുന്നത് വലിയ മനസുകള്‍ക്കാണ്. നമ്മുടെ കണ്ണില്‍ പ്രശ്‌നമേയല്ലാത്ത കാര്യം ചെറിയ കുട്ടികളുടെ കണ്ണില്‍ ആനക്കാര്യമായിരിക്കും. ആകാശം പൊളിഞ്ഞുവീണ പ്രതീതിയിലായിരിക്കും ചിലപ്പോള്‍ അവരാ കാര്യങ്ങള്‍ അവതരിപ്പിക്കുക. കാരണം, അവരുടെ മനസ് വളരെ ചെറുതാണ്. വലിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പാകത അവര്‍ക്കുണ്ടാവില്ല.
ചെറിയ ബലൂണിലേക്ക് കൂടുതല്‍ കാറ്റു കയറിയാല്‍ പൊട്ടുന്നതു കാണാറില്ലേ. അതേ അളവിലുള്ള കാറ്റ് വലിയ ബലൂണിലേക്ക് സന്നിവേശിപ്പിച്ചാല്‍ ചിലപ്പോള്‍ അല്‍പം മാത്രമേ വീര്‍ത്തിട്ടുണ്ടാവുകയുള്ളൂ. ചില മനസ് വേഗം പൊട്ടും. ചെറിയൊരു ശകാരത്തിനു പോലും തൂക്കുകയറെടുത്തായിരിക്കും പ്രതികാരം ചെയ്യുക. പ്രശ്‌നം ഭീകരമായതുകൊണ്ടല്ല, മനസ് ചെറുതായതുകൊണ്ടാണതു സംഭവിക്കുന്നത്. എന്നാല്‍ ഹിമാലയന്‍ പ്രശ്‌നമായി ഗണിക്കപ്പെടുന്ന കാര്യങ്ങള്‍ ചിലര്‍ക്കു പുല്ലായിരിക്കും. അവരുടെ മനസ് അത്രയ്ക്കു പ്രവിശാലമായതുകൊണ്ടാണത്.
ലോകത്ത് പ്രവാചകതിരുമേനിയെ പോലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട ഒരു വ്യക്തിയെ മഷിയിട്ടു തിരഞ്ഞാല്‍ പോലും കാണില്ല. അനാഥനായിട്ടാണു ജനിക്കുന്നതുതന്നെ. ആറു വയസായപ്പോള്‍ മാതാവിന്റെ തണലും നഷ്ടപ്പെട്ടു. പിന്നീട് പരിപാലനം ഏറ്റെടുത്ത പിതാമഹനും അധികം വൈകാതെ വിടപറഞ്ഞു. നാല്‍പതു വയസായപ്പോള്‍ പ്രവാചകത്വം ലഭിച്ചു. അതോടെ, നാട്ടിലും കുടുംബത്തിലും ശത്രുക്കളനേകം ഉണ്ടായി. പല കോണുകളില്‍നിന്നും നാനാവിധങ്ങളായ എതിര്‍പ്പുകള്‍.. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍... കുപ്രചാരണങ്ങള്‍... വധശ്രമങ്ങള്‍.. അതിനിടെ കൂട്ടിനുണ്ടായിരുന്ന പിതൃവ്യന്റെയും പ്രിയപ്പെട്ട സഹധര്‍മിണിയുടെയും വിയോഗം. ഒടുവില്‍ നാടും വീടും വിട്ട് കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന മറ്റൊരു നാട്ടിലേക്കുള്ള പലായനം. പിന്നെ മരണംവരെ അടിക്കടി പ്രതിരോധസമരങ്ങള്‍.. തനിക്കുണ്ടായ ഏഴു മക്കളില്‍ ആറുപേരുടെയും മൃതശരീരം കാണേണ്ടി വന്ന ശോകാവസ്ഥകള്‍. മാത്രമോ, എന്തെല്ലാം ഉത്തരവാദിത്തങ്ങള്‍...! കുടുംബത്തെയും സമൂഹത്തെയും സേവിക്കണം. അവരുടെ ഭരണാധികാരിയും ചീഫ് ജസ്റ്റിസും ഗുരുനാഥനും സൈന്യാധിപനും വൈദ്യനും വഴികാട്ടിയുമെല്ലാം അവിടന്നായിരുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് എന്തെല്ലാം റോളുകള്‍ വഹിക്കപ്പെടേണ്ടതുണ്ടോ അതെല്ലാം അവിടന്ന് ഒറ്റയ്ക്കു വഹിക്കണം.. എന്നിട്ടും അവിടന്ന് പുഞ്ചിരിച്ചു. ഭാര്യമാരോടൊത്ത് സന്തോഷങ്ങള്‍ പങ്കിട്ടു. കൂട്ടുകാരോടൊത്ത് തമാശകള്‍ പറഞ്ഞു. ഒരാളോടും പരാതി പറഞ്ഞതേയില്ല. എനിക്കു തിരക്കാണെന്ന വാക്ക് ആ വായില്‍നിന്നു വന്നില്ല. തന്റെ എല്ലാ കാര്യങ്ങള്‍ക്കും അവിടന്ന് സമയം കണ്ടെത്തി. കാരണം, പ്രശ്‌നങ്ങള്‍ ചെറുതായതുകൊണ്ടല്ല; ഏതു പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ധീരതയോടെ നേരിടാന്‍ മാത്രം വിശാലമായ മനസ് കൂട്ടിനുണ്ടായതാണ്. ഖുര്‍ആന്‍ പറഞ്ഞു: ''അങ്ങയുടെ ഹൃദയം നാം വിശാലമാക്കി തന്നില്ലേ..''(94: 1)
ഹൃദയവിശാലതയാണു പ്രധാനം. അതു വിശാലമാണെങ്കില്‍ പ്രശ്‌നങ്ങളുണ്ടായാലും പ്രശ്‌നമാവില്ല. അതു വിശാലമല്ലെങ്കില്‍ പ്രശ്‌നങ്ങളല്ലാത്തതുപോലും പ്രശ്‌നങ്ങളായി തോന്നും. ഉപ്പു കൂടുതലാണോ കുറവാണോ എന്നു തീരുമാനിക്കുന്നത് അതെന്തില്‍ കൊണ്ടുപോയി ഇടുന്നു എന്നു നോക്കിയാണെന്നപോലെ പ്രശ്‌നം വലുതാണോ ചെറുതാണോ എന്നു തീരുമാനിക്കുന്നത് അതേതു മനസിനെയാണു ബാധിച്ചത് എന്നു നോക്കിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."