ആശാന്റെ കൊളസ്ട്രോള്‍
ആശാന് ജിമ്മിലെ നാര്‍സിസിസ്റ്റിക് കണ്ണാടിയുടെ മുന്നില്‍ കൊത്തിവച്ച ശില്പമാസ്വദിക്കുന്ന ശില്പിയെ പോലെ നിന്നപ്പോല് ശിഷ്യഗണങ്ങള്‍ ഡംബെല്ലും മറ്റും നിലത്തുവച്ച് സാരോപദേശം കേള്‍ക്കാന്‍ അടുത്തേക്കു വന്നു. മിസ്റ്റര്‍ കേരള പട്ടം ലഭിച്ച സ്ഥിരം കഥയ്ക്കു പകരം കോളസ്ട്രോള്‍ ഇരുനൂറ്റമ്പതായെന്ന് കുടവയര്‍ തടവി പറഞ്ഞപ്പോള്‍ ആശാനില്‍ കുറ്റബോധം തിളച്ച കഞ്ഞിയായി തൂവി.
''ഇനി ഡയറ്റിങ്ങിന്റെ ദിനങ്ങളാ പിള്ളേരേ...''
അല്പം കഴിഞ്ഞു ശിഷ്യനായ ഗോപന് ഗുരുവിനെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിച്ചു. പ്ലേറ്റ് നിറയെ പുഴുങ്ങിയ മുട്ടയുമായി ആശാന് കോലായില്‍ ഇരിക്കുന്നു.
''പ്രോട്ടീന്‍ ഡയറ്റാ.. ശീലമാക്കിയാല്‍ നിനക്കും നല്ലതാ ഗോപാ...''
വളര്‍ത്തുനായ കൈസര്‍ ഭീതി സൃഷ്ടിച്ചു വന്നു. നായയെ കണ്ടുപേടിച്ച ശിഷ്യനെ സമാധാനിപ്പിക്കുന്നതിനിടയില്‍ ലഡ്ഡു പോലെയുള്ള മുട്ടയുടെ മഞ്ഞക്കരു ആശാന് അതിനെറിഞ്ഞു കൊടുത്തു. ആര്‍ത്തിയോടെ അവന് അകത്താക്കി.
''രുചിയില്ലാത്ത വെള്ള എനിക്കും രുചിയുള്ള വെള്ള അവനും. പാപികളാണു നായയായി ജനിക്കുന്നതെന്നൊക്കെ വെറുതെ പറയാ...''
ദിവസങ്ങള്‍ കഴിഞ്ഞ് ആശാന് സിക്സ് പാക്കായി ജിമ്മില്‍ വന്നെങ്കിലും മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല. ഗോപന് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം മൊഴിഞ്ഞു.
''കൈസര്‍ ചത്തു. കൊളസ്ട്രോളായിരുന്നു...''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."