കേസന്വേഷണം അന്തിമഘട്ടത്തിലേക്ക്
പാലക്കാട്: വാളയാര്‍ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക്. റിമാന്‍ഡിലായവരെ ഇന്ന് തെളിവെടുപ്പിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. അതേസമയം കുട്ടികളുടെ മരണം കൊലപാതകമാണെന്നതിന് ഇതുവരെയും തെളിവുകള്‍ ലഭിച്ചിട്ടില്ല. കുട്ടികളെ ലൈംഗീകചൂഷണത്തിനിരയാക്കിയവരാണ് ഇപ്പോള്‍ അറസ്റ്റിലായ നാലു പേരും. കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനായ മധു, സഹോദരിയുടെ മകനായ മധു, കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചിരുന്ന അയവാസിയായ പ്രദീപ്കുമാര്‍, കുട്ടികളോടൊപ്പം വീട്ടില്‍ താമസിച്ച അച്ഛന്റെ സുഹൃത്തായ ഷിബു. റിമാന്‍ഡിലായ ഇവര്‍ നാലു പേരെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലിസ് നീക്കം.
അതേസമയം കുട്ടികളുടെ മരണത്തിലുളള ദുരൂഹതയാണ് ഇനിയും പുറത്തുവരാത്തത്. പുതിയ അന്വേഷണസംഘത്തിനും കൊലപാതകമെന്ന് സൂചനയുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കഴുത്തുമുറുകിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ഇതുപ്രകാരം അന്വേഷണം തുടരുകയാണ്. നിലവില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടികളുടെ മാതാപിതാക്കളെയും കേസില്‍ സാക്ഷികളാക്കാനാണ് നീക്കം.
കുട്ടികള്‍ ലൈംഗീകചൂഷണത്തിനിരയായതായി അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വീട് സന്ദര്‍ശിച്ച് അന്വേഷണത്തില്‍ പൊലിസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. പെരുമ്പാവൂര്‍ ജിഷയുടെ മരണത്തെയാണ് ഈദുരന്തം ഓര്‍മിക്കുന്നതെന്ന് കൊടിയേരി പറഞ്ഞു. മൂത്ത സഹോദരിമരണപ്പെട്ടപ്പോള്‍ തന്നെ പൊലിസ് കൃത്യമായ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ഇളയ സഹോദരിക്കും ഇത്തരത്തിലുള്ള ദുരന്തം വരുന്നത് തടയാന്‍ സാധിക്കും. ഇത് പൊലിസിന് പറ്റിയ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മരണമടഞ്ഞ സഹോദരിമാരുടെ മാതാപിതാക്കളുടെ വീട് സ്വപ്നം യഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച വി.എസ് അച്ചുതാനന്ദന്‍ എം.എല്‍.എയും മന്ത്രി എ.കെ ബാലനും അന്വേഷണത്തില്‍ പൊലിസ് കാണിച്ച അനാസ്ഥയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."