വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി കൊട്ടാരക്കര നിവാസികള്‍.
കൊട്ടാരക്കര: താലൂക്കിന്റെ ഒട്ടുമിക്ക മേഖലകളിലും കുടിവെളള ക്ഷാമം രൂക്ഷമാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ജനുവരി രണ്ടാം വാരത്തില്‍ത്തന്നെ കിണറുകളും നീരുറവകളും വറ്റിവരണ്ടിരുന്നു. ഇപ്പോള്‍ എല്ലാ മേഖലകളിലും കൊടും വരള്‍ച്ചയെത്തിയിരിക്കയാണ്. മുന്‍പെങ്ങും ഉണ്ടാകാത്ത വിധം ജലക്ഷാമത്തെ നേരിടുകയാണ് മേഖല. ഇനി വരുന്ന ദിവസങ്ങളില്‍ ചൂട് കൂടുകയാണെങ്കില്‍ തീര്‍ത്തും ബുദ്ധിമുട്ടിലേക്ക് നീങ്ങും. വേനല്‍ക്കാലം കാലേക്കൂട്ടി എത്തിയിട്ടും അധികൃതര്‍ ഇനിയും ഉണര്‍ന്നിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കുടിവെള്ളം എല്ലാ മേഖലകളിലും എത്തിക്കുമെന്ന് അറിയിച്ചിട്ടും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആയിട്ടില്ല. പൊതു കിണറുകള്‍, കുളങ്ങള്‍ എന്നിവ ശുദ്ധീകരിക്കാന്‍ പഞ്ചായത്തധികൃതര്‍ മുന്‍കൈയെടുത്താല്‍ അതും വലിയ തോതില്‍ പ്രയോജനപ്പെടും. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഗ്രാമസഭകളില്‍ പോലും ഇതൊന്നും അജണ്ടയിലില്ല.
തൊഴിലുറപ്പ് ജോലിയിലുള്‍പ്പെടുത്തി ഇത് ചെയ്യാമെന്നിരിക്കെയാണ് ഈ അവഗണന. കനാലുകള്‍ ചില മേഖലകളില്‍ തുറന്നെങ്കിലും എല്ലായിടത്തും വെള്ളം എത്തിയിട്ടുമില്ല. ചെറുകിട കുടിവെള്ള പദ്ധതികളും മിക്കയിടങ്ങളിലും ഫലപ്രദമല്ല. മോട്ടോര്‍ തകരാറും ടാങ്ക് പൊട്ടിയതുമൊക്കെ മുടന്തന്‍ ന്യായങ്ങളായി നിലനില്‍ക്കുന്നുണ്ട് പലയിടങ്ങളിലും. ഒരു മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത കോട്ടാത്തലയിലെ ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതി പ്രവര്‍ത്തനം നിലച്ചിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ ഒരുങ്ങുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. കരിങ്കല്‍ ഖന കുഴികളിലും പൊതു കുളങ്ങളിലും മറ്റുമായി ഏറെ ജലം കെട്ടി നില്‍ക്കുന്നുണ്ട്. ഇത് ശുദ്ധീകരിച്ച് ഉപയോഗ പ്രദമാക്കാവുന്നതാണ്.
നെടുവത്തൂര്‍, കരീപ്ര, കുളക്കട, പവിത്രേശ്വരം, എഴുകോണ്‍, ഉമ്മന്നൂര്‍, വെട്ടിക്കവല, മൈലം, വെളിയം പഞ്ചായത്തുകളിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിത്തുടങ്ങിയിട്ടുണ്ട്. കൊട്ടാരക്കര നഗരസഭാ പരിധിയില്‍ പോലും ജലക്ഷാമം രൂക്ഷമായത് ഫണ്ടിന്റെ പരിമിതി കൊണ്ടല്ല, വേണ്ടും വിധത്തില്‍ പദ്ധതികള്‍ ക്രമീകരിക്കാന്‍ കഴിയാത്തത് മൂലമാണ്. നഗരസഭാ പരിധിയില്‍ മിക്കയിടത്തും വലിയ വിലകൊടുത്താണ് ഇപ്പോള്‍ കുടിവെള്ളം വാങ്ങുന്നത്. 2000 ലിറ്ററിന്റെ ടാങ്കറുകളില്‍ വീടുകളില്‍ വെള്ളം എത്തിക്കുന്നതിന് 600 മുതല്‍ 1500 രൂപ വരെ സ്വകാര്യ വ്യക്തികള്‍ ഈടാക്കുന്നുണ്ട്. ഇങ്ങിനെ കൊണ്ടുവരുന്ന കുടിവെള്ളത്തിന്റെ ഗുണമേന്‍മ പരിശോധിക്കാന്‍ പോലും സംവിധാനമില്ല. വെള്ളത്തിന്റെ പേരില്‍ നടത്തുന്ന പകല്‍ക്കൊള്ളക്ക് അറുതിയുണ്ടാക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍ കടുക്കുമെന്നതില്‍ തര്‍ക്കമില്ല. അപ്പോഴുണ്ടാകുന്ന ജലക്ഷാമത്തെ ഏത് വിധത്തില്‍ അതിജീവിക്കുമെന്ന ആശങ്കയിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."