കക്ഷികളെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന് വേണമെന്ന് നിര്‍ബന്ധിക്കരുത്
കൊച്ചി: കക്ഷികളെ പൊലിസ് ചോദ്യം ചെയ്യുന്ന സമയത്തും കക്ഷികളുമായി ചര്‍ച്ച നടത്തുന്ന സമയത്തും അഭിഭാഷകന് ഒപ്പം ഉണ്ടായിരിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
അതേസമയം കക്ഷികള്‍ക്ക് അഭിഭാഷകന്റെ സഹായം കോടതികളിലും പൊലിസ് സ്റ്റേഷനുകളിലും സ്വീകരിക്കാവുന്നതാണെന്നും കമ്മിഷന് ആക്ടിങ്ങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
തൊഴില്‍ സംബന്ധമായ പരാതിയുമായി അഭിഭാഷകന് എറണാകുളം നോര്‍ത്ത് സി.ഐയെ സമീപിച്ചപ്പോള്‍ അപമര്യാദമായി പെരുമാറിയെന്ന പരാതിയിലാണ് നിര്‍ദേശം. സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തിയിരുന്നു. പരാതിയുടെ സ്വഭാവം സിവില്‍ സ്വഭാവത്തിലുള്ളതിനാല്‍ പൊലിസിന് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ലെന്നും തര്‍ക്കം കോടതി മുഖേന പരിഹരിക്കണമെന്നും പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരനുമായി സംസാരിക്കുന്ന സമയം തന്റെ സാന്നിധ്യം നിര്‍ബന്ധമായി ഉണ്ടാകണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടപ്പോള്‍ അഭിഭാഷകനോട് ക്യാബിന് പുറത്തിരിക്കാന്‍ സി.ഐ നിര്‍ദേശിച്ചു. ഇത് ഇഷ്ടപെടാത്തത് കാരണമാണ് കമ്മിഷനില്‍ പരാതി നല്‍കിയത്. അഭിഭാഷകന്റെ പരാതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി കാണുന്നില്ലെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. ഇത്തരം തര്‍ക്കങ്ങള്‍ മനുഷ്യാവകാശസംരക്ഷണ ചട്ടങ്ങള്‍ പ്രകാരം പരിഗണിക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."