പെരുന്നാൾ ദിനങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലും പരീക്ഷ; ആശങ്കയോടെ വിദ്യാർഥികൾ
കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പെരുന്നാൾ ദിനാഘോഷങ്ങൾക്കിടെ പരീക്ഷ നടക്കുന്നതിൽ എതിർപ്പുമായി വിദ്യാർഥികൾ. ഇന്ന് മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പരീക്ഷകളാണ് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലായാണ് പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്. ഇതിനിടക്കുള്ള ബുധനോ, വ്യാഴമോ ആയിരിക്കും പെരുന്നാൾ വരിക. ഇതോടെ പെരുന്നാൾ ആഘോഷിച്ചാൽ പരീക്ഷയെ അത് ബാധിക്കും, അല്ലെങ്കിൽ പരീക്ഷയ്ക്ക് പഠിക്കാൻ മാത്രമിരുന്നാൽ പെരുന്നാൾ ഇല്ലാതാവും എന്നതാണ് വിദ്യാർഥികളുടെ അവസ്ഥ.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി 150ലധികം കോളജുകളിലാണ് തിങ്കളാഴ്ച നാലാം സെമസ്റ്റർ പരീക്ഷകൾക്ക് തുടക്കമാകുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യർഥികൾ വിവിധ കോളേജുകളിലായി പഠനം നടത്തുന്നുണ്ട്. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കാണ് ഇത് കനത്ത തിരിച്ചടിയാകുന്നത്. ചൊവ്വാഴ്ചയിലെ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ പോയാൽ പിറ്റേ ദിവസം തന്നെ പെരുന്നാൾ ആഘോഷിച്ച് മടങ്ങേണ്ടി വരും. ഇനി പെരുന്നാൾ വ്യാഴം ആണെങ്കിൽ പെരുന്നാൾ ദിനത്തിൽ തന്നെ ഹോസ്റ്റലിൽ മടങ്ങി എത്തേണ്ടിയും വരും. ഇതോടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയും ക്ഷീണവുമെല്ലാം കാരണം പഠനവും പരീക്ഷയുമെല്ലാം വെള്ളത്തിലാകും.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഇതിനുസമാനമായി പെരുന്നാൾ തലേന്നും പിറ്റേന്നും പരീക്ഷകൾ പ്രഖ്യാപിക്കുകയും വിവാദമായതോടെ മാറ്റിവെക്കുകയും ചെയ്തിരുന്നു. പെരുന്നാൾ ദിനാഘോഷങ്ങളിൽ പരീക്ഷകൾ നടക്കരുതെന്ന് സർക്കാർ ഉത്തരവ് കാറ്റിൽപറത്തിയാണ് യൂണിവേഴ്‌സിറ്റി പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംഭവത്തിൽ മുസ്ലിം സംഘടനകളും വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."