മാഞ്ചസ്റ്ററിന് തോല്‍വി;
അവസരം നഷ്ടപ്പെടുത്തി ടോട്ടനം
ലണ്ടന്‍: ദുര്‍ബലരായ എതിരാളികളോട് തോല്‍വി വഴങ്ങുന്ന പതിവ് തെറ്റിക്കാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. വിജയത്തോടെ ലിവര്‍പൂളിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ടോട്ടനം ഹോട്‌സ്പര്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വമ്പന്‍മാര്‍ക്ക് അപ്രതീക്ഷിത തോല്‍വി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവേ പോരാട്ടത്തില്‍ ബ്രൈറ്റന്‍ ഹോവ് ആല്‍ബിയോണിനോട് പരാജയമേറ്റ് വാങ്ങി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് മാഞ്ചസ്റ്ററിന്റെ തോല്‍വി. പസ്‌ക്കല്‍ ഗ്രോസ് 57ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ബ്രൈറ്റന്‍ അട്ടിമറി വിജയം സ്വന്തമാക്കിയത്. പരാജയപ്പെട്ടെങ്കിലും 77 പോയിന്റുമായി മാഞ്ചസ്റ്റര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഗോള്‍ വഴങ്ങിയാണ് ടോട്ടനം ഹോട്‌സ്പര്‍ അട്ടിമറി തോല്‍വി നേരിട്ടത്. മറുപടിയില്ലാത്ത ഒറ്റ ഗോളിന് ടോട്ടനത്തെ വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണ്‍ വീഴ്ത്തി.
മത്സരത്തിനിറങ്ങും മുന്‍പ് 35 കളിയില്‍ 71 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്തായിരുന്നു. ലിവര്‍പൂള്‍ 36 കളികളില്‍ നിന്ന് 72 പോയിന്റുമായി മൂന്നാമതും.
എന്നാല്‍ വെസ്റ്റ് ബ്രോമിനോട് തോറ്റതോടെ ടോട്ടനവും 36 കളികള്‍ പൂര്‍ത്തിയാക്കി 71 പോയിന്റില്‍ നാലാം സ്ഥാനത്ത് തുടരുന്നു. വിജയിച്ചിരുന്നെങ്കില്‍ രണ്ട് പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കത്തില്‍ അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു.
മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം യുനൈറ്റഡ് എവേ പോരാട്ടത്തില്‍ കരുത്തരായ ലെയ്സ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം.
സ്റ്റോക് സിറ്റി 1-2ന് ക്രിസ്റ്റല്‍ പാലസിനോടും ബേണ്‍മൗത്ത് 1-0ത്തിന് സ്വാന്‍സീ സിറ്റിയേയും വാട്‌ഫോര്‍ഡ് 2-1ന് ന്യൂകാസില്‍ യുനൈറ്റഡിനേയും പരാജയപ്പെടുത്തി.
സെവിയ്യക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ സെവിയ്യ, എയ്ബര്‍, അത്‌ലറ്റിക്ക് ബില്‍ബാവോ ടീമുകള്‍ക്ക് വിജയം. സെവിയ്യ മറുപടിയില്ലാത്ത ഒറ്റ ഗോളിന് റയല്‍ സോസിഡാഡിനെ വീഴ്ത്തി. എവേ പോരാട്ടത്തില്‍ ജിറോണയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് എയ്ബര്‍ തകര്‍ത്തത്. ബില്‍ബാവോ 2-0ത്തിന് റയല്‍ ബെറ്റിസിനെ കീഴടക്കി.
വിജയം തുടര്‍ന്ന് ബയേണ്‍
മ്യൂണിക്ക്: ചാംപ്യന്‍സ് ലീഗ് സെമിയില്‍ റയലിനോട് പൊരുതി വീണ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ മുന്നേറ്റം തുടരുന്നു. എവേ പോരാട്ടത്തില്‍ അവര്‍ 1-3ന് കൊളോണിനെ വീഴ്ത്തി.
ബയേണ്‍ താരം സുലെ നല്‍കിയ സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത കൊളോണിനെ രണ്ടാം പകുതിയില്‍ ജെയിംസ് റോഡ്രിഗസ്, ലെവന്‍ഡോസ്‌കി, ടോളിസ്സോ എന്നിവര്‍ നേടിയ ഗോളില്‍ ബയേണ്‍ വീഴ്ത്തുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ മെയ്ന്‍സ് 2-1ന് കീഴ്‌പ്പെടുത്തി. മോണ്‍ചെന്‍ഗ്ലെഡ്ബാച്- ഫ്രീബര്‍ഗിനേയും ഹന്നോവര്‍- ഹെര്‍ത്തയേയും 3-1ന് വീഴ്ത്തി.
ഫ്രാങ്ക്ഫര്‍ട് 3-0ത്തിന് ഹാംബര്‍ഗറിനേയും ലെയ്പ്‌സിഗ് 4-1ന് വോള്‍വ്‌സ്ബര്‍ഗിനേയും സ്റ്റുട്ട്ഗര്‍ട് 2-0ത്തിന് ഹോഫെന്‍ഹെയിമിനേയും പരാജയപ്പെടുത്തി. വെര്‍ഡര്‍ ബ്രമന്‍- ലെവര്‍കൂസന്‍ പോര് ഗോള്‍രഹിത സമനില.
പി.എസ്.ജിയുടെ
മോഹം നടക്കില്ല
പാരിസ്: 100 പോയിന്റുകള്‍ തികച്ച് ഫ്രഞ്ച് ലീഗ് വണില്‍ റെക്കോര്‍ഡോടെ കിരീടം നേടാനുള്ള പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ മോഹം നടക്കില്ല. അമിയെന്‍സിനെതിരായ എവേ പോരാട്ടത്തില്‍ 2-2ന് സമനില വഴങ്ങിയതോടെയാണ് അവരുടെ സ്വപ്നം പൊലിഞ്ഞത്.
ലീഗില്‍ ഇനി രണ്ട് മത്സരങ്ങളേ അവശേഷിക്കുന്നുള്ളു രണ്ടിലും വിജയിച്ചാലും പോയിന്റ് 98ലേ എത്തു. പി.എസ്.ജിക്കായി കവാനി, എന്‍കുകു എന്നിവര്‍ വല ചലിപ്പിച്ചെങ്കിലും 47, 80 മിനുട്ടുകളില്‍ വല ചലിപ്പിച്ച് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ അമിയെന്‍ താരം കൊനാറ്റെയുടെ മികവാണ് പി.എസ്.ജിക്ക് വിജയം നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."