'കോണ്‍ഗ്രസ് ഇനിയും ക്യാച്ചുകള്‍ കൈവിടുകയാണെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറി അടിക്കുന്നത് തുടരും...' പ്രശാന്ത് കിഷോറിന്റെ അഭിമുഖം വായിക്കാം
ന്യൂഡല്‍ഹി: ഉത്തരേന്ത്യക്ക് പുറത്തും ബി.ജെ.പി സീറ്റുകളും വോട്ട് വിഹിതവും ഗണ്യമായി വര്‍ധിപ്പിക്കുമെന്നും പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റ് നേടുമെന്നും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രതിപക്ഷത്തിന് ബി.ജെ.പിയെ തടയാന്‍ വ്യക്തമായ മൂന്ന് അവസരങ്ങളുണ്ടായിരുന്നുവെങ്കിലും അലസതയും തെറ്റായ തന്ത്രങ്ങളുംമൂലം അതെല്ലാം അവര്‍ പാഴാക്കിയതായും അദ്ദേഹം പി.ടി.ഐയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
തെലങ്കാനയില്‍ ബി.ജെ.പി ഒന്നാമതോ രണ്ടാമതോ എത്തും. പശ്ചിമബംഗാളില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്താന്‍ പോകുന്നു. അമേഠിയില്‍ പരാജയപ്പെട്ട ശേഷം മണ്ഡലം ഉപേക്ഷിച്ച് വയനാട്ടില്‍ മാത്രം മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍ മാത്രം വിജയിച്ചത് കൊണ്ട് കോണ്‍ഗ്രസിന് കേന്ദ്രം പിടിക്കാനാകില്ല. യു.പിയിലും ബിഹാറിലും മധ്യപ്രദേശിലും ജയിച്ചില്ലെങ്കില്‍ വയനാട്ടില്‍ നിന്ന് ജയിച്ചത് കൊണ്ട് കാര്യമില്ലെന്നും അമേഠിയില്‍ മത്സരിക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പദവിയിലല്ലെങ്കിലും രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. 10 വര്‍ഷമായി പ്രതീക്ഷിക്കുന്ന വിധത്തില്‍ മുന്നോട്ടുപോകാന്‍ കഴിയാതിരുന്നിട്ടും നേതൃസ്ഥാനത്തുനിന്ന് സ്വയം മാനോ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കാനോ അദ്ദേഹം തയാറായില്ല. ഇത് ജനാധിപത്യരീതിയായി തോന്നുന്നില്ല. 10 വര്‍ഷമായി ലക്ഷ്യംകാണാത്ത ജോലി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെങ്കില്‍ ഇടവേള എടുക്കാവുന്നതാണ്. നിങ്ങളുടെ മാതാവ് (സോണിയാഗാന്ധി) അത് ചെയ്തിട്ടുണ്ടെന്ന് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി ചുമതലകള്‍ നരസിംഹ റാവുവിന് കൈമാറി സോണിയ ഗാന്ധി മാറിനിന്നത് പരാമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ചിലരുടെ അനുവാദമില്ലാതെ തീരുമാനമെടുക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കും. പാര്‍ട്ടി എന്നതിനപ്പുറം കോണ്‍ഗ്രസിന് രാജ്യത്ത് വലിയ ഇടമുണ്ട്. മുമ്പും കോണ്‍ഗ്രസ് തളരുകയും പിന്നാലെ വളരുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിക്കറ്റില്‍ ഫീല്‍ഡര്‍ എതിര്‍താരത്തെ പിടിച്ച് പുറത്താക്കാനുള്ള (ക്യാച്ച് ചെയ്യല്‍) അവസരം പാഴാക്കിയതിനെത്തുടര്‍ന്ന് താരം സെഞ്ച്വറി നേടുന്നതിനോടാണ് ബി.ജെ.പിയുടെ തിരിച്ചുവരവിനെ അദ്ദേഹം ഉപമിച്ചത്. നിങ്ങള്‍ ക്യാച്ചുകള്‍ ഉപേക്ഷിക്കുന്നത് തുടരുകയാണെങ്കില്‍ ബാറ്റ്‌സ്മാന്‍ സെഞ്ച്വറി അടിക്കും. ബി.ജെ.പി പിന്നോക്കാവസ്ഥയിലായപ്പോഴെല്ലാം അവസരം മുതലെടുക്കുന്നതില്‍ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് പരാജയപ്പെട്ടു. അസമിലൊഴികെ മറ്റ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടതോടെ 2015- 16 സമയത്തെ തെരഞ്ഞെടുപ്പില്‍ തരിശായ നിലം പോലെയായിരുന്നു ബി.ജെ.പി. എന്നാല്‍ അങ്ങിനെ മുങ്ങിക്കൊണ്ടിരുന്ന ബി.ജെ.പിക്ക് തിരിച്ചുവരവിനുള്ള അവസരം സൃഷ്ടിച്ചത് പ്രതിപക്ഷമാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളി നേരിടുന്നുണ്ട്. അത് മുതലാക്കാന്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ നൂറ് സീറ്റെങ്കിലും കുറയ്ക്കാന്‍ ഇന്‍ഡ്യാ മുന്നണിക്ക് കഴിയണം.
2016 നംവബറിലെ നോട്ട് നിരോധനത്തിന് ശേഷം കൃത്യം നാലുമാസത്തിന് ശേഷം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചെങ്കിലും തുടര്‍ന്ന് നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. പിന്നീട് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസിനോടും പരാജയപ്പെട്ടു. ഇങ്ങനെ അനുകൂല സാഹചര്യം ഉണ്ടായിട്ടും ബി.ജെ.പിക്ക് തിരിച്ചുവരാന്‍ കോണ്‍ഗ്രസ് അനുകൂല സാഹചര്യമൊരുക്കി- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
prashant kishor interview with pti
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."