ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി ചെന്നൈ
പൂനെ: സ്പിന്‍ ബൗളിങ് മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് എഴാം വിജയം കുറിച്ചു. ഐ.പി.എല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സില്‍ ഒതുക്കിയ ചെന്നൈ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്ത് വിജയം പിടിക്കുകയായിരുന്നു. ജയത്തോടെ ചെന്നൈ സെമിയിലേക്ക് കൂടുതല്‍ അടുത്തു.
ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് രവീന്ദ്ര ജഡേജയും ഇത്രയും ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ചേര്‍ന്ന് ബാംഗ്ലൂരിനെ വട്ടം കറക്കി. ജഡേജയാണ് കളിയിലെ കേമന്‍.
സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ പാര്‍ഥിവ് പട്ടേലാണ് മെക്കല്ലത്തിനൊപ്പം ബാംഗ്ലൂരിനായി ഇന്നിങ്‌സ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ മെക്കല്ലം മടങ്ങിയെങ്കിലും കിട്ടിയ അവസരം പാര്‍ഥിവ് ശരിക്കും മുതലാക്കി. ഒരറ്റം പാര്‍ഥിവ് കാത്തെങ്കിലും പിന്നീടെത്തിയവരെല്ലാം പൊരുതാന്‍ പോലും നില്‍ക്കാതെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയായിരുന്നു. അഞ്ചാം വിക്കറ്റായി പാര്‍ഥിവ് മടങ്ങുമ്പോള്‍ സ്‌കോര്‍ 84ല്‍ എത്തിയിരുന്നു.
പാര്‍ഥിവ് 41 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 53 റണ്‍സെടുത്തു. ടിം സൗത്തിയുടെ അവസരോചിതമായ കൂറ്റന്‍ അടികളാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 100 കടത്തിയത്. താരം 26 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്നു. പാര്‍ഥിവും സൗത്തിയും ഒഴികെ മറ്റൊരു താരവും രണ്ടക്കം പോലും കണ്ടില്ല.
വിജയത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്ക്ക് തുടക്കത്തില്‍ വാട്‌സനെ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന അമ്പാട്ടി റായിഡു- സുരേഷ് റെയ്‌ന സഖ്യം ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. റായിഡു രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 32 റണ്‍സെടുത്തു. റെയ്‌ന 25 റണ്‍സ് കണ്ടെത്തി. കൂടുതല്‍ നഷ്ടങ്ങളില്ലാതെ ചെന്നൈ ടീമിനെ ക്യാപ്റ്റന്‍ ധോണിയും ബ്രാവോയും ചേര്‍ന്ന സഖ്യം വിജയത്തിലെത്തിച്ചു. ധോണി മൂന്ന് സിക്‌സുകള്‍ സഹിതം 23 പന്തില്‍ 31 റണ്‍സെടുത്തും ബ്രാവോ 14 റണ്‍സുമായും പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി ഉമേഷ് യാദവ് രണ്ട് വിക്കറ്റെടുത്തു.
ഹൈദരാബാദിന് ജയം
ഹൈദരാബാദ്: സ്വന്തം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.
മറുപടി പറഞ്ഞ ഹൈദരാബാദ് 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. അലക്‌സ് ഹെയ്ല്‍സ് (45), ധവാന്‍ (33), കെയ്ന്‍ വില്ല്യംസന്‍ (32), യൂസുഫ് പത്താന്‍ (27) എന്നിവരുടെ മികവിലാണ് ഹൈദരാബാദ് വിജയിച്ചത്. ഡല്‍ഹിക്കായി പ്രിഥ്വി ഷാ (36 പന്തില്‍ 65 റണ്‍സ് ), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (36 പന്തില്‍ 44 റണ്‍സ്) തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."