മഹ്ബൂബ മുഫ്തി അനന്ത് നാഗില്‍; എതിരാളി ഗുലാംനബി, ഒപ്പം നാഷനല്‍ കോണ്‍ഫ്രന്‍സും; കശ്മീരില്‍ BJP വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പ്
ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കശ്മീരിലെ പി.ഡി.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കശ്മീരിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും പി.ഡി.പി സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി അനന്ത്‌നാഗില്‍നിന്ന് മത്സരിക്കും. പി.ഡി.പി യൂത്ത് വിങ് അധ്യക്ഷ വഹീദ് പര്‍റ ശ്രീനഗറിലും മുന്‍ രാജ്യസഭാംഗം മിര്‍ ഫയാസ് ബാരാമുല്ലയില്‍നിന്നും ജനവിധി തേടും. ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മെഹ്ബൂബ മുഫ്തി അനന്ത്‌നാഗില്‍ മത്സരിക്കുന്നതോടെ ഇവിടെ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള പോരാട്ടത്തിനും കളമൊരുങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാംനബിയും ഇവിടെ മത്സരിക്കുന്നുണ്ട്. ഗുലാംനബി രൂപീകരിച്ച ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. മിയാന്‍ അല്‍താഫ് അഹമ്മദാണ് ഇവിടെ നാഷനല്‍ കോണ്‍ഫ്രന്‍സ് സ്ഥാനാര്‍ഥി. സഫര്‍ ഇഖ്ബാല്‍ മഹന്‍സ് അപ്‌നി പാര്‍ട്ടിയുടെ ബാനറിലും മത്സരിക്കുന്നുണ്ട്. ബി.ജെ.പി ഇവിടെ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫ്രന്‍സ്, പി.ഡി.പി, ബി.ജെ.പി എന്നിവയാണ് താഴ് വരയിലെ പ്രധാനപാര്‍ട്ടികള്‍. ഇതില്‍ ബി.ജെ.പി ഒഴികെ മൂന്ന് കക്ഷികളും ഇന്‍ഡ്യാസഖ്യത്തിന്റെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് മുന്നണി സംവിധാനമില്ലെന്നതാണ് വാസ്തവം. ഇതിന് പുറമെയാണ് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് രൂപീകരിച്ച ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ സാന്നിധ്യം. ഇക്കാരണത്താല്‍ താഴ് വരയിലെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറുമെന്ന് ഉറപ്പായി. സംസ്ഥാനത്ത് ആറു സീറ്റുകളാണുള്ളത്. 2019ല്‍ ഇതില്‍ മൂന്നെണ്ണം നാഷനല്‍ കോണ്‍ഫ്രന്‍സിനും മൂന്നെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്.
ഇന്‍ഡ്യ മുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനൊപ്പം നാഷനല്‍ കോണ്‍ഫ്രന്‍സിന്റെ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും പി.ഡി.പിയുടെ മഹ്ബൂബ മുഫ്തിയും പതിവായി പങ്കെടുക്കാറുണ്ട്.
Mehbooba Mufti to fight against Ghulam Nabi Azad from Anantnag
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."