ശാസ്ത്രജ്ഞന്മാര്‍ കെട്ടുകഥകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി
കോഴിക്കോട്: ശാസ്ത്രജ്ഞന്മാര്‍ കെട്ടുകഥകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രത്തില്‍ ഒരുക്കിയ സമുദ്രഗ്യാലറി (ഹാള്‍ ഓഫ് ഓഷ്യന്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം കെട്ടുകഥകള്‍ സമൂഹത്തെ കാലത്തിനും ലോകത്തിനും പിന്നിലാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു ശാസ്ത്രസാങ്കേതിക രംഗത്തെ വികസനം അനിവാര്യമാണ്. കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ ശ്ലാഘനീയമാണ്.
മേഖലാ ശാസ്ത്രകേന്ദ്രത്തിന്റെ സ്ഥലപരിമിതിയെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നും പ്ലാനറ്റേറിയത്തിന്റെ വികസനത്തിനായി പദ്ധതിക്കു രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിനായുള്ള സ്ഥലം കണ്ടെത്തുമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മുംബൈ നെഹ്‌റു ശാസ്ത്രകേന്ദ്രം ഡയരക്ടര്‍ എസ്.എം ഖേനദ് സ്വാഗതവും മേഖലാ ശാസ്ത്രകേന്ദ്രം ഡയരക്ടര്‍ വി.എസ് രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
സമുദ്ര കാഴ്ചകളും പ്രതിഭാസങ്ങളും പരിചയപ്പെടുത്തുന്ന തരത്തിലാണ് സമുദ്രഗ്യാലറി ഒരുക്കിയത്. അരക്കോടി രൂപ ചെലവഴിച്ച് കടല്‍രഹസ്യങ്ങള്‍ കാണികള്‍ക്ക് വിശദമാക്കാനായി 17 പ്രവര്‍ത്തന മാതൃകകളും സ്ഥാപിച്ചിട്ടുണ്ട്.
വന്‍കര രൂപവല്‍ക്കരണം ഘട്ടംഘട്ടമായി അറിയാനും മുത്ത്, ചിപ്പി തുടങ്ങിയ സമുദ്രോല്‍പന്നങ്ങളുടെ പ്രദര്‍ശനം, നിരവധി പ്രവര്‍ത്തന മാതൃകകള്‍, പാനലുകള്‍, കടല്‍ജീവികളുടെ പതിപ്പുകള്‍, നിശ്ചലമാതൃകകള്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, 3 ഡി ടി.വികള്‍ തുടങ്ങിയവയും സമുദ്രഗാലറിയില്‍ ഒരുക്കിയിട്ടുണ്ട്. കടലിന്റെ അടിത്തട്ടിലുള്ള ഓഷ്യാനിക് പ്ലെയ്റ്റുകള്‍ എപ്രകാരമാണ് നമ്മുടെ ഭൂമിയെ സ്വാധീനിക്കുന്നതെന്നു വിവരിക്കുന്ന സുനാമി സിമുലേറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. സമുദ്രഗ്യാലറി പ്രദര്‍ശനം മുഖ്യമന്ത്രി വീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."