ജനകീയ സമരത്തില്‍ സംഘര്‍ഷം
ഇടുക്കി: തൂക്കുപാലത്തെ ബീവറേജസ് ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി നടത്തിയ ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സമരക്കാരെ വിരട്ടിയോഗിക്കാനുള്ള പൊലിസ് അതിക്രമത്തിനിടെ കുട്ടികളും സ്ത്രീകളും അടക്കം നിരവധിപേര്‍ക്കു പരിക്കേറ്റു.
സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ പുഷ്പ്പക്കണ്ടം സ്വദേശികളായ അനസ് അബൂബക്കര്‍ (16), സാദിഖ് ഇസ്മായില്‍ (14), തൂക്കുപാലം സ്വദേശി മുഹമ്മദ് ഷാ (24), സമരത്തിന്റെ മുന്‍പന്തിയില്‍ നിലകൊണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കാണു പൊലിസിന്റെ ലാത്തിയടിയില്‍ പരുക്കേറ്റത്.
സമരത്തിനിടെ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് മുഴുത്തേറ്റ്, കേരള ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വി.എം സ്വാലിഹ് ഹാജി, മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത പ്രസിഡന്റ് സില്‍ബി ചുനയമ്മാക്കല്‍, സമരസമിതി ചെയര്‍മാന്‍ മുഹമ്മദ് ഷറഫുദീന്‍ എന്നിവരടക്കം 19പേരെ നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
പൊലിസും മദ്യവിരുദ്ധ ജനകീയ മുന്നണി പ്രവര്‍ത്തകരും തമ്മില്‍ പലതവണ ഉരസലുകളുണ്ടായി. ബീവറേജസില്‍ സമരം നടക്കുന്നതിനിടെ മദ്യം വാങ്ങാന്‍ കൂടുതലാളുകളെത്തിയതും സംഘര്‍ഷം രൂക്ഷമാവാന്‍ കാരണമായി.
ഇന്നലെ രാവിലെയാണ് മദ്യവിരുദ്ധ ജനകീയ മുന്നണി പ്രതിഷേധവുമായി എത്തിയത്. സ്ത്രീകളും, കൂട്ടികളും നാട്ടുകാരുമടങ്ങുന്ന സംഘം മണിക്കൂറുകളോളം ബീവറേജസ് ഉപരോധിച്ചു. ഇതിനിടെ കൂട്ടികളെ സമരത്തില്‍ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും സമരക്കാര്‍ അത് നിഷേധിച്ചതാണ് പൊലിസിനെ പ്രകോപിപ്പിച്ചത്. ലാത്തിവീശലില്‍ പരിക്കേറ്റിട്ടും വീട്ടമ്മാമാര്‍ പിന്‍മാറാതെ നിലകൊണ്ടത് പൊലിസിനെ കുഴപ്പിച്ചു.
ഇതേ തുടര്‍ന്ന് സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, വനിതാ പൊലിസിന്റെ അഭാവവും പ്രതിസന്ധിയുണ്ടാക്കി. ഒരു വനിതാ പൊലിസ് മാത്രമാണ് സ്ഥലത്തെത്തിയിരുന്നത്. പൊലിസുകാര്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ചത് അകാരണമായിട്ടാണെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു.
രാവിലെ പത്തിനു അരംഭിച്ച സമരത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ഉച്ചയ്ക്ക് 12നു തൂക്കുപാലം വികസന സമിതിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം മദ്യശാലയെ അനുകൂലിച്ചും പ്രകടനവുമായി രംഗത്തെത്തി.
ഇതോടെ മദ്യവിരുദ്ധ ജനകീയ സമീതി തൂക്കുപാലംരാമക്കല്‍മേട് റോഡ് ഉപരോധിച്ചു. ജനങ്ങള്‍ കൂട്ടമായി സംഘടിച്ചെത്തിയപ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജനകീയ സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസിന്റെ വിശദീകരണം.
അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നെടുങ്കണ്ടം സി ഐ റെജി കുന്നിപ്പറമ്പന്‍, കട്ടപ്പന സി ഐ അനില്‍കുമാര്‍, നെടുങ്കണ്ടം എസ് ഐ പി.ടി ബിജോയി, കമ്പംമെട്ട് എസ്‌ഐ റഹീം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു.
സമരത്തില്‍ അതിക്രമം ഉണ്ടായിട്ടില്ലെന്നും സമരക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പൊലിസ് അധികൃതര്‍ പറഞ്ഞു. അതേസമയം, ബീവറേജസ് ഔട്ട്‌ലെറ്റിനെതിരേയുള്ള സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാന്‍ അടുത്തദിസം തന്നെ യോഗം ചേരുമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഇന്നലെ നടന്ന ധര്‍ണാസമരം മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."