വെല്ലുവിളികള്‍ നേരിടാന്‍ മഹാസഖ്യങ്ങള്‍ വേണം
മഹാസഖ്യങ്ങളുടെ ആവശ്യകതയെയാണ് അഞ്ചുസംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്. ബി. ജെ. പിയുടെ ശക്തമായ വെല്ലുവിളികള്‍ക്ക് മറുപടി പറയാന്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് സ്വന്തം കഴിയില്ലെന്നുറപ്പായിക്കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടി മുളയിലേ കരിഞ്ഞുപോയ അവസ്ഥയിലുമാണ്. അകാലിദളിനെപോലെ അഴിമതി തുടരുന്ന പ്രാദേശിക പാര്‍ട്ടികളുടെ സ്ഥിതിയും വിഭിന്നമല്ല. എന്നാല്‍ നിതീഷ്‌കുമാറോ, മമതയോ അന്തരിച്ച ജയലളിതയോ പോലുള്ളവരുടെ പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ദേശീയ പാര്‍ട്ടികള്‍ കാണേണ്ടതാണ്.
ഉത്തര്‍പ്രദേശ്
2014ല്‍ ലോക്‌സഭയില്‍ ഉജ്വല വിജയം നേടിയ മോദി ഡല്‍ഹിയിലും ബിഹാറിലും പരാജയം രുചിച്ചപ്പോള്‍ വരും തെരഞ്ഞെടുപ്പുകളിലും അതു സംഭവിക്കുമെന്നു കരുതിയ പ്രതിപക്ഷത്തിന് തെറ്റി. അസമിലും കേരളത്തിലും മുന്നേറുകയും ഉത്തര്‍പ്രദേശില്‍ ചരിത്രവിജയം നേടുകയും ചെയ്തിരിക്കുന്നു. നമോ ഡെമോ (നരേന്ദ്രമോദി, നോട്ട് അസാധുവാക്കല്‍) എന്ന മുദ്രാവാക്യമാണ് ജനങ്ങള്‍ സ്വീകരിച്ചത്. 1969ല്‍ ബാങ്ക് ദേശീയവല്‍ക്കരിച്ച് പാവപ്പെട്ടവരിലേക്ക് എത്തിയ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്നതാണിത്.
രാമജന്മഭൂമി വിവാദം ഉയര്‍ത്തി അധികാരത്തിലെത്തുമ്പോള്‍ 221 സീറ്റാണ് ബി. ജെ. പി നേടിയത്. വര്‍ഗീയത ഇളക്കിവിട്ട് അത്രയും സീറ്റ് നേടിയപ്പോള്‍ അത് പറയാതെ പറഞ്ഞ് ഇപ്പോള്‍ നേടിയത് 324 സീറ്റാണെന്നോര്‍ക്കണം. പിഴവ് പ്രതിപക്ഷത്തുതന്നെ. മായാവതിയുടെ ബി. എസ്. പിയെ തച്ചുതകര്‍ത്ത് എം. എല്‍. എമാരെ മറുകണ്ടം ചാടിച്ച് പിന്നോക്ക വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. അഖിലേഷും പിതാവും തമ്മില്‍ ഉണ്ടായ തര്‍ക്കം അണികളെ എസ്. പി കുടുംബ പാര്‍ട്ടിയാണെന്ന ബോധത്താല്‍ അതില്‍നിന്നകറ്റി. അഖിലേഷിന്റെ 'കാം ബോല്‍താ ഹെ' എന്ന മുദ്രാവാക്യത്തിനുമേല്‍ മോദിയുടെ 'കര്‍നാമ ബോല്‍താ ഹെ' നേടിയ വിജയം. രാഷ്ട്രീയത്തില്‍ പിച്ചവയ്ക്കാന്‍ പോലും കഴിയാത്ത രാഹുലിന്റെ കൈയില്‍ കോണ്‍ഗ്രസ് നിലംപരിശാവുമ്പോള്‍ ആന്റണി ഉള്‍പ്പെടെയുള്ള പരിണിതപ്രജ്ഞര്‍ക്ക് മൂകസാക്ഷ്യം വഹിക്കേണ്ടിവരുന്ന ഗതികേട്.
തെരഞ്ഞെടുപ്പിന് മുന്‍പ് മുലായം മഹാസഖ്യത്തിനു ശ്രമിച്ചപ്പോള്‍ അഖിലേഷ് അതു തള്ളിയിരുന്നു. അതു മനസിലാക്കിയ നിതീഷ്, തോല്‍വിക്കുകാരണം മഹാസഖ്യത്തിന്റെ അഭാവമാണെന്ന് തീര്‍ത്തുപറഞ്ഞതും ഗൗരവമേറിയ വിഷയമാണ്. റീത്ത ബഹുഗുണയെപ്പോലുള്ള നേതാക്കളെ രാഹുല്‍ അവഗണിച്ചതും അഖിലേഷിന്റെ ആപത്കരമായ ആത്മവിശ്വാസവും ഒക്കെ ബി. ജെ. പിക്ക് അനുകൂല ഘടങ്ങളായിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ മുസ്‌ലിം-യാദവ ഫോര്‍മുലയ്ക്ക് തുരങ്കം വച്ച് കൗമി ഏക്താ ദളിനെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചതും അഖിലേഷിന് വിനയായി.
ഉത്തരാഖണ്ഡ്
2013ല്‍ മുഖ്യമന്ത്രിസ്ഥാനം ത്യജിക്കേണ്ടിവന്ന വിജയ് ബഹുഗുണ ഉള്‍പ്പെടെ ഒന്‍പത് എം. എല്‍. എമാര്‍ ബി. ജെ. പിയിലെത്തിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ജാതകക്കുറിപ്പായിരുന്നു. വികസനമുദ്രാവാക്യമുയര്‍ത്തിയാണ് സംസ്ഥാനത്ത് ബി. ജെ. പി മാറ്റം ആവശ്യപ്പെട്ട് വൃത്തികെട്ട രാഷ്ട്രീയം കളിച്ചത്. അത് സുപ്രിം കോടതി ഇടപെടലിനുവരെ കാരണവുമായി. എന്നാല്‍ വികസന മുദ്രാവാക്യം ഉപയോഗിച്ചത് വോട്ടര്‍മാരില്‍ കണ്ണുവച്ചായിരുന്നു എന്നറിയാന്‍ തെരഞ്ഞെടുപ്പ് വരെ ഹരീഷിന് കാത്തിരിക്കേണ്ടിവന്നു. കോണ്‍ഗ്രസില്‍ പടലപ്പിണക്കം കൂടിവന്നതും അവരുടെ തകര്‍ച്ചയിലേക്ക് നയിച്ചു. ഒളികാമറ വിവാദത്തില്‍ ഹരീഷ് കുടുങ്ങിയതും സി. ബി. ഐ ഇടപെടലുമൊക്കെ ബി. ജെ. പിയുടെ വിജയത്തിന് ആക്കംകൂട്ടി.
കേദാര്‍നാഥിലെ പ്രളയത്തില്‍ തുടങ്ങി ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രിസഭ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നു. വിരമിച്ച സേനാംഗങ്ങളുടെ താവളമെന്നു വിശേഷിപ്പിക്കാവുന്ന ഉത്തരാഖണ്ഡില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷനുമുയര്‍ത്തി മോദി പ്രചാരണം നടത്തിയതും ഓര്‍ക്കണം. തൊഴിലില്ലായ്മ കാരണം ഒരുലക്ഷത്തോളം യുവജനങ്ങള്‍ക്കാണ് സംസ്ഥാനം വിടേണ്ടിവന്നത്. ഇതൊക്കെ റാലികളില്‍ മോദി ആയുധമാക്കി. ഹരീഷ് റാവത്ത് ഇരന്നുവാങ്ങിയ തോല്‍വിതന്നെയാണിതെന്ന് ചുരുക്കം.
മണിപ്പൂരിന്റെ രാഷ്ട്രീയം
ഒറ്റ തെരഞ്ഞെടുപ്പുകൊണ്ട് രാഷ്ട്രീയം തന്നെ മതിയാക്കിയ ഉരുക്കുവനിത ഇറോം ശര്‍മിളയുടെ നാടായിരിക്കുന്നു മണിപ്പൂര്‍. ഒക്രം ഇബോബി സിങ് എന്ന അതികായന്റെ തണലില്‍ കോണ്‍ഗ്രസ് തഴച്ചുവളര്‍ന്നു. മണിപ്പൂരിന്റെ വിജയത്തില്‍ കോണ്‍ഗ്രസ് കടപ്പെടുന്നത് രാഹുലിനോടല്ല, ഇബോബിയോടാണ്. നാഗന്‍മാരുടെ തീവ്രവാദത്തെ നേരിട്ടാണ് മണിപ്പൂരില്‍ ഭരണം നടക്കുന്നത്. സാമ്പത്തിക ഉപരോധമാണ് ജനങ്ങള്‍ എന്നും നേരിടുന്ന പ്രശ്‌നം. അതുഫലപ്രദമായി നേരിടുമെന്ന് വാഗ്ദാനം നല്‍കി മത്സരത്തിനിറങ്ങിയ ബി.ജെ.പി അക്കൗണ്ട് തുറന്നതുതന്നെ ഭരണത്തിലേക്ക് വാതില്‍ തുറന്നുകൊണ്ടാണെന്നതും ഇവിടുത്തെ സവിശേഷതയായി. ഉപതെരഞ്ഞെടുപ്പുകളില്‍ ജയിച്ച് പാര്‍ട്ടി സൂചന നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസിന് അതുചെറുക്കാനായില്ല. അസമില്‍ വിജയം നേടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായ ബി.ജെ.പി അരുണാചലും നിലനിര്‍ത്തുന്നു. മേഘാലയയില്‍ അടുത്ത തെരഞ്ഞെടുപ്പിനെ ഭീതിയോടെ സമീപിക്കേണ്ട സ്ഥിതിയാണ് കോണ്‍ഗ്രസിന്. മിസോറമില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ നാഗാലാന്റില്‍ സഖ്യഭരണത്തിലാണ് ബി.ജെ.പി. ത്രിപുര ഇടതു കരങ്ങളില്‍ ഭദ്രം.
നാഗന്‍മാരുമായി കേന്ദ്രം ഉണ്ടാക്കിയെന്നു പറയുന്ന രഹസ്യധാരണയായിരുന്നു ഇബോബിയുടെ വജ്രായുധം. ഇത് ഭൂരിപക്ഷം വരുന്ന മെയ്തിയെ വരുതിയിലാക്കാന്‍ സഹായിച്ചു. ഇതൊക്കെയാണെങ്കിലും ക്രൈസ്തവ പിന്തുണ നേടാനായി എന്നതാണ് ബി.ജെ.പിയുടെ വിജയം വരച്ചുകാട്ടുന്നത്. നാഗന്‍മാരുടെ പിന്തുണയും കുകികളും പിന്തുണച്ചതാണ് അവര്‍ക്ക് ഇത്രയധികം സീറ്റുനേടാന്‍ ഇടയാക്കിയത്.
ഗോവയുടെ താക്കീത്
സിറ്റിങ് മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കടപുഴക്കിയ തെരഞ്ഞെടുപ്പായിരുന്നു ഗോവയിലേത്. ജനകീയനായ മനോജ് പരീക്കര്‍ ജനങ്ങളുമായി സംവദിച്ചു നേടിയ ഭരണം ആറുമാസം കൊണ്ട് തകര്‍ത്തെറിയുകയായിരുന്നു ലക്ഷ്മികാന്ത് പര്‍സേകര്‍. നാഗരിക മേഖലയിലും ഗ്രാമീണ മേഖലയിലും ഒരുപോലെ ബി.ജെ.പി പരാജയം രുചിച്ചു. സഖ്യം വേര്‍പെടുത്തിയ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി പോലും നേട്ടമുണ്ടാക്കി. പണച്ചാക്കുകള്‍ മാത്രമാണ് പാര്‍ട്ടിയെ പിന്തുണച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രമേണ ജനങ്ങളില്‍ നിന്നകന്നതാണ് തോല്‍വിക്കുകാരണം. ആര്‍.എസ്.എസ് നേതാവ് സുഭാഷ് വെങലേക്കര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചതും ആര്‍.എസ്.എസ് പിന്തുണയ്ക്കാതിരുന്നതും തിരിച്ചടിക്കു കാരണമായി. ആം ആദ്മി പാര്‍ട്ടി സംപൂജ്യരായതും കൗതുകമായി. കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യം ക്രൈസ്തവ സഭയുടെ പിന്തുണയാണ് കാട്ടുന്നത്.
പഞ്ചാബില്‍ ക്യാപ്റ്റന്‍
നേതൃത്വവും ഇഛാശക്തിയും ജനങ്ങള്‍ എന്നും ഇഷ്ടപ്പെടുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന്റെ ചുമലിലേറിയാണ്. ബി.ജെ.പി-അകാലി സഖ്യത്തെ ചങ്കൂറ്റത്തോടെ ഒറ്റയ്ക്ക് വെല്ലുവിളിച്ചാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. കുടുംബ വാഴ്ചയും മയക്കുമരുന്നു മാഫിയകളുമായുള്ള ബന്ധവും അകാലി ദളിന് വിനയായി. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ച സംസ്ഥാനത്ത് 'ഉട്താ പഞ്ചാബ് ' എന്ന സിനിമ പോലും അകാലി ഭരണത്തിന് ചരമക്കുറിപ്പെഴുതിയെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി ലഹരിവിരുദ്ധ കാംപയിന്‍ നടത്തി കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. അകാലി സഖ്യമില്ലാത്ത ബി.ജെ.പി ഇവിടെ നിഷ്പ്രഭമാണ്. മാത്രമല്ല തന്ത്രപ്രധാന നീക്കങ്ങളില്‍ കേന്ദ്രത്തില്‍ അകാലിദളിന്റെ പിന്തുണ വേണം താനും. അതുകൊണ്ട് കോണ്‍ഗ്രസിന്റെ വെല്ലുവിളിയെ ഫലപ്രദമായി നേരിടാനും അവര്‍ക്ക് കഴിഞ്ഞില്ല. ക്യാപ്റ്റന്റെ ജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം പൊളിഞ്ഞ കാഴ്ചയാണ് അതിനേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്. ഡല്‍ഹിക്കപ്പുറം പഞ്ചാബിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് ആത്മപരിശോധന നടത്തുമെന്ന് പറയുന്ന കെജ്‌രിവാളും സമ്മതിക്കുന്നു. എങ്കിലും 20 സീറ്റ് നേടാനായത് ഭാവിയില്‍ സ്വാധീനമുറപ്പിക്കാനാവുമെന്നതിന്റെ സൂചനയായി വിലയിരുത്താം.
വര്‍ഗീയത തുടങ്ങി ജയ-പരാജയ കാരണങ്ങള്‍ക്ക് വാദങ്ങള്‍ നിരവധിയുണ്ടാവാം. ജയിച്ചുകഴിഞ്ഞാല്‍ ഇത്തരം വാദങ്ങളിലല്ല, എന്തുകൊണ്ട് പരാജിതര്‍ക്ക് നേരിടാന്‍ കഴിയാതെപോകുന്നു എന്നതാണ് ചിന്തിക്കേണ്ട വിഷയം. താത്വിക അവലോകനങ്ങളുടെ കാലം കഴിയുകയാണ്. അന്തര്‍ധാരകളില്‍ ആരോപണം വയ്ക്കുന്നതിലും കഴമ്പില്ല. യുദ്ധം പ്രത്യക്ഷമാണ്. ഇന്നത്തെ വെല്ലുവിളികള്‍ നേരിടാന്‍ പ്രമുഖ പാര്‍ട്ടികള്‍ ആര്‍ജവം നേടുകയാണ് പരമപ്രധാനം. ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരും അതിലേക്കാണ് ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."