ചൂഷണം ചെയ്യപ്പെടുന്ന ഹൃദ്‌രോഗ ചികിത്സാരംഗം
ഹൃദ്‌രോഗികള്‍ക്കുള്ള സ്‌റ്റെന്റുകളുടെ വിലവിവരപ്പട്ടിക സ്വകാര്യആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നാഷനല്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും പല ആശുപത്രികളിലും വില സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഇപ്പോഴും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജനവിഭാഗം സ്‌റ്റെന്റുകളുടെ വില സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ചില ആശുപത്രികള്‍ക്ക് മുന്നില്‍ സ്ഥാപിച്ചത് നല്ല കാര്യം തന്നെ. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടൊന്നും സ്വകാര്യ ആശുപത്രികള്‍ രോഗികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് കരുതാന്‍ വയ്യ. സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവരുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ മറ്റുവഴികള്‍ തേടുന്നുവെന്നത് സാധാരണമായിരിക്കുന്നു. ഇത്തരക്കാരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കാനുള്ള നടപടികള്‍ ഉണ്ടാകുന്നുമില്ല. കേരളത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ശൈലീരോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നത് യാഥാര്‍ഥ്യമാണ്. ഭക്ഷണക്രമങ്ങളില്‍ വന്ന മാറ്റവും ജംഗ് ഫുഡുകള്‍ അമിതമായി ഉപയോഗിക്കുന്നതും വ്യായാമക്കുറവും ചെറുപ്പക്കാരില്‍ പോലും ഹൃദ്‌രോഗവും പ്രമേഹവും രക്തസമ്മര്‍ദവും വര്‍ധിപ്പിച്ചിരിക്കുകയാണ്. രോഗങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ രോഗികളെ ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുകയും ചെയ്യുന്നു. സമ്പന്നരെ പോലും ദരിദ്രരാക്കുന്ന ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയാത്തതാണ്. ഹൃദ്‌രോഗികള്‍ക്ക് ഏറ്റവും ആശ്വാസകരമായ തീരുമാനമായിരുന്നു സ്റ്റെന്റുകളുടെ വിലകുറച്ചുകൊണ്ട് സര്‍ക്കാര്‍ എടുത്ത തീരുമാനം. 25000 രൂപ വരെ വിലയുണ്ടായിരുന്ന ഇടത്തരം സ്റ്റെന്റുകള്‍ക്ക് 7000 രൂപയാക്കി കുറച്ചതും 55000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന വിദേശനിര്‍മിത സ്റ്റെന്റുകള്‍ക്ക് 29600 രുപയാക്കി കുറച്ചതും രോഗികള്‍ക്ക് വലിയൊരു ആശ്വാസമായി ഭവിക്കേണ്ടതായിരുന്നു. പക്ഷേ ഈ ആനുകൂല്യം രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികളും സ്റ്റെന്റ് വിതരണക്കാരും. സ്റ്റെന്റുകള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് നിര്‍മാതാക്കളും വിതരണക്കാരും വന്‍കിട ആശുപത്രികളുടെ ചൂഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ആശുപത്രികള്‍ക്ക് സ്റ്റെന്റ് നല്‍കാതെ കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കാതെ വരുമ്പോള്‍ സ്‌റ്റെന്റ് വിലകുറച്ചതിന്റെ ഗുണഫലം രോഗികള്‍ക്ക് കിട്ടാതെ പോവുകയാണ്. കമ്പനികളും ആശുപത്രികളും സംഘടിത രൂപത്തില്‍ നടത്തുന്ന ഇത്തരം കൊള്ളകള്‍ നിര്‍ധനരായ രോഗികളെയാണ് ഏറെയും കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
സ്റ്റെന്റുകള്‍ക്ക് വിലകുറവാണെന്ന് സ്വകാര്യ ആശുപത്രികള്‍ ഇതുസംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ സമ്മതിക്കുമെങ്കിലും അനുബന്ധ ചികിത്സയുടെ പേരില്‍ ക്രമാതീതമായ വര്‍ധനവാണ് രോഗികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇതുവഴി സ്റ്റെന്റ് മൂലം കിട്ടേണ്ട ആനുകൂല്യം രോഗികള്‍ക്ക് കിട്ടാതെ പോവുന്നു. സര്‍ജറി ചെലവ്, ആശുപത്രി ചെലവ്, സര്‍വിസ് ചാര്‍ജ്, ഐ. സി. യു പരിചരണം തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തി നിരവധി ചെലവുകള്‍ രോഗികളില്‍ നിന്ന് ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നു. വിലകുറച്ച് ഗുണമേന്മയേറിയ സ്റ്റെന്റുകള്‍ വില്‍ക്കാനാവില്ലെന്ന് വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും വാശിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കേണ്ടതുണ്ട്. ഇവരുടെ വാദങ്ങളില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് രോഗികള്‍ക്കെങ്കിലും ബോധ്യപ്പെടേണ്ടതുണ്ട്.
ഹൃദയധമനികളിലെ രക്തയോട്ടത്തിനുണ്ടാവുന്ന തടസം നീക്കുന്ന സ്റ്റെന്റുകള്‍ ഹൃദ്‌രോഗചികിത്സയില്‍ അമിത പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ തന്നെ ഇതില്‍ പിടിച്ചാണ് രോഗികളെയും അവരുടെ ബന്ധുക്കളെയും ആശുപത്രികള്‍ ചൂഷണം ചെയ്യുന്നത്. ചില ഡോക്ടര്‍മാരും അവരുടെ എതിക്‌സ് മറന്ന് ഇതിനു കൂട്ടുനില്‍ക്കുന്നുവെന്ന് ഖേദകരം തന്നെ. ചുരുക്കത്തില്‍ വിലവര്‍ധനവ് സര്‍ക്കാര്‍ കുറച്ചിട്ടും അതിന്റെ ഗുണഭോക്താക്കളാകാന്‍ രോഗികള്‍ക്ക് കഴിയുന്നില്ല. ആഞ്ചിയോപ്ലാസ്റ്റിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ചില ആശുപത്രികളെങ്കിലും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 75 ശതമാനത്തിന്റെ വിലക്കുറവ് സ്റ്റെന്റുകള്‍ക്കുണ്ടായത് രോഗികള്‍ക്ക് വലിയ ആശ്വാസമാകേണ്ടതായിരുന്നു. പക്ഷേ ലാഭക്കൊതിയുടെ പേരില്‍ അത് തടഞ്ഞുവയ്ക്കുകയാണ് ചില സ്വകാര്യ ആശുപത്രികള്‍. പാക്കേജ് അടിസ്ഥാനത്തില്‍ ഹൃദ്‌രോഗ ശസ്ത്രക്രിയകള്‍ നടത്തുന്ന ആശുപത്രികളെ കുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഓരോ ആശുപത്രികളിലും വ്യത്യസ്ത ചാര്‍ജുകള്‍ ഈടാക്കുന്നതിനെ കുറിച്ചും സ്റ്റെന്റ് വില അട്ടിമറിക്കുന്ന ആരോപണങ്ങളെ കുറിച്ചും ആരോഗ്യവകുപ്പില്‍ നിന്നും അന്വേഷണം ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം നിര്‍ധനരായ ഹൃദ്‌രോഗികള്‍ക്ക് ലഭ്യമാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."