താലൂക്ക് വികസന സമിതി: പൊതുപരിപാടികള്‍ പ്ലാസ്റ്റിക്മുക്തമാക്കണം
മഞ്ചേരി: പൊതുപരിപാടികളില്‍നിന്നു പ്ലാസ്റ്റിക്ക് പേപ്പറുകളും കവറുകളും കഴിവതും ഒഴിവാക്കണമെന്ന് ഏറനാട് താലൂക്ക് വികസനസമിതി യോഗം അഭിപ്രായപ്പെട്ടു. മഴക്കാല പൂര്‍വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ ശുചീകരിക്കേണ്ടതിന്റെ ആവശ്യകത ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ച്ചകളില്‍ ഓഫിസുകളിലും ശനിയാഴ്ചകളില്‍ സ്‌കൂളുകളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കും .
എല്ലാ പഞ്ചായത്തുകളിലേയും ഗ്രാമസഭകള്‍ കേന്ദ്രീകരിച്ച് ആരോഗ്യജാഗ്രത പദ്ധതി നടപ്പില്‍വരുത്തുന്നതായും മെഡിക്കല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു. നഗരത്തിലെ തെരുവോരങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ സ്‌കൂള്‍ തുറക്കും മുമ്പെ ഒഴിപ്പിക്കുമെന്ന് നഗരസഭാഅധ്യക്ഷ വി.എം സുബൈദ യോഗത്തെ അറിയിച്ചു. എല്ലാ സ്‌കൂളുകളും ഈമാസം 31നകം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് എ.ഇ.ഒമാര്‍ അറിയിച്ചു.
കാവനൂര്‍ ചെരങ്ങാകുണ്ട് യത്തീംഖാനക്കു സമീപത്തും അരീക്കോട് കല്ലിങ്ങലിലുമുള്ള അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഞ്ചേരി നെല്ലിപറമ്പ് ജസീല ജംങ്ഷന്‍ റോഡ് നവീകരണത്തിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഏറനാട് താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പി വിജയകുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."