മന്ത്രിസഭാ വാര്‍ഷികം: പ്രദര്‍ശന-വിപണന മേള നാളെ തുടങ്ങും
മലപ്പുറം: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന പ്രദര്‍ശന-വിപണന മേള നാളെ തുടങ്ങും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എം.എസ്.പി എല്‍.പി സ്കൂള്‍ ഗ്രൗണ്ടിലാണ് മേള നടത്തുന്നത്.
മേളയുടെ ഉദ്ഘാടനം നാളെവൈകിട്ട് മൂന്നിനു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും.
ജില്ലയുടെ സമഗ്ര വിവരം ഉള്‍പ്പെടുത്തി ജില്ലാഭരണകൂടം തയാറാക്കിയ മൊബൈല്‍ ആപ് മന്ത്രി കെ.ടി ജലീല്‍ പ്രകാശനം ചെയ്യും. 13 വരെയാണ് മേള നടക്കുക. സമാപന സമ്മേളനം 13നു വൈകിട്ട് നാലിനു തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകളുടെ 90 സ്റ്റാളുകളാണ് മേളയിലുണ്ടാകുക. മേളയ്ക്കെത്തുന്നവര്ക്കായി അക്ഷയ സൗജന്യ വൈ ഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും അക്ഷയ ഒരുക്കിയിട്ടുണ്ട്. മേളയില്‍ എത്തുന്നവര്‍ക്കായി ബി.എസ്.എന്‍.എല്‍ സൗജന്യ സിം വിതരണം ചെയ്യും. വിവിധ ഓഫറുകളും ബി.എസ്.എന്‍.എല്‍ നല്‍കും.
കടല്‍ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങളുമായാണ് ഫിഷറീസിന്റെ സീ ഫുഡ് സ്റ്റാളുള്ളത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയില്‍നിന്ന് ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ധിത വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും ഭക്ഷ്യമേളയിലുണ്ടാകും.
ഇതോടൊപ്പം ചക്ക മഹോത്സവവും നടത്തുന്നുണ്ട്. മേളയുടെ ഭാഗമായി എല്ലാ ദിവസവും സെമിനാറുകളും സാംസ്കാരിക പരിപാടികളും നടക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."