മഞ്ചേരി മെഡിക്കല്‍ കോളജിന്റെ അന്തിമ അംഗീകാരം വീണ്ടും അനിശ്ചിതത്വം; പുനഃപരിശോധന
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവ് അന്തിമ അംഗീകാരത്തിനു മങ്ങലേല്‍പ്പിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന നടന്നേക്കും. വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും താമസ സൗകര്യമാണ് ഇതുവരെയും എം.സി.ഐ മാനദണ്ഡ പ്രകാരം സജ്ജമാക്കാന്‍ സാധിക്കാത്തത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി എം.സി.ഐയുടെ അഞ്ചാം വര്‍ഷ അംഗീകാരം വഴിമുട്ടിനില്‍ക്കുകയാണ്. അടുത്ത വിദ്യാര്‍ഥി പ്രവേശനത്തിനു മുന്‍പായി എം.സി.ഐ പുനഃപരിശോധന നടക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ആശുപത്രി കെട്ടിടത്തിനു മുകളിലെ പരിമിതമായ സൗകര്യത്തിലാണ് എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ താമസം. ഹൗസ് സര്‍ജന്‍സികൂടി തുടങ്ങിയതോടെ മെച്ചപ്പെട്ട താമസ സൗകര്യം സജ്ജമാക്കേണ്ടിയിരുന്നിട്ടും സര്‍ക്കാര്‍ പരിമിതമായ സൗകര്യം മാറ്റിയെടുക്കാന്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തിയിട്ടില്ല.
അസൗകര്യങ്ങളുടെ കാര്യം എം.സി.ഐ പരിശോധനാ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഒ.പി മുറികളുടെ അസൗകര്യങ്ങളും അത്യാഹിത വിഭാഗം, ഓപറേഷന് തിയറ്റര്‍, വാര്‍ഡുകള്‍, പഠന സൗകര്യങ്ങള്‍ എന്നിവിടങ്ങളിലെ പരിമിതികളും എം.സി.ഐ ചൂണ്ടിക്കാണിച്ചതായാണ് വിവരം.
അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനായെന്നും അനിശ്ചിതത്വം ഇല്ലെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. പുനഃപരിശോധന നടക്കുന്നതോടെ തടസങ്ങളെല്ലാം നീങ്ങുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍. പുനഃപരിശോധനയ്ക്കു മുന്‍പായി എം.സി.ഐ ചൂണ്ടിക്കാണിച്ച കുറവുകള്‍ പരിഹരിക്കുന്നതിനുള്ള തകൃതിയായ നീക്കങ്ങളാണ് നടത്തുന്നത്. മെഡിക്കല്‍ കോളജ് വികസനത്തിനു തയാറാക്കിയ പദ്ധതികള്‍ മെഡിക്കല്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങളും നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."