സന്തോഷ് ട്രോഫി: ഗോവയ്ക്കും ബംഗാളിനും വിജയത്തുടക്കം
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ പോരാട്ടത്തിന്റെ ആദ്യ മത്സരങ്ങളില്‍ മുന്‍ ചാംപ്യന്മാരായ പശ്ചിമ ബംഗാളിനും ആതിഥേയരായ ഗോവയ്ക്കും വിജയത്തുടക്കം. പശ്ചിമ ബംഗാള്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു ചണ്ഡീഗഢിനെ പരാജയപ്പെടുത്തിയപ്പോള്‍ ഗോവ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മേഘലയയെ വീഴ്ത്തിയാണു വിജയം സ്വന്തമാക്കിയത്.
31 തവണ സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ പശ്ചിമ ബംഗാള്‍ കളിയുടെ അവസാന നിമിഷം നേടിയ ഗോളിലാണു ചണ്ഡീഗഢിനെതിരേ വിജയം സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ എസ്.കെ ഫയാസാണു ബംഗാളിനു വിജയം സമ്മാനിച്ചത്. കളിയുടെ അവസാനം വരെ ഇരു പക്ഷവും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ബോള്‍ പൊസഷനില്‍ ബംഗാളിനായിരുന്നു മുന്‍തൂക്കം. എങ്കിലും മത്സരം പലപ്പോഴും മധ്യനിരയില്‍ തന്നെ ഒതുങ്ങിയത് സ്കോര്‍ നേടുന്നതിനു തടസമായി. 15ാം മിനുട്ടിലാണു ബംഗാള്‍ ആദ്യ ആക്രമണത്തിനു തുനിഞ്ഞത്.
കളി തീരാന്‍ അഞ്ചു മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ചണ്ഡിഗഢിനു ലഭിച്ച അവസരം അവര്‍ക്കു മുതലാക്കാന്‍ സാധിച്ചില്ല. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ സന്നിക് മുര്‍മു നല്കിയ പാസില്‍ നിന്നാണു ഫയാസിന്റെ വിജയ ഗോള്‍ പിറന്നത്.
ഗോവ- മേഘാലയ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണു. 49ാം മിനുട്ടില്‍ ലതേഷ് മന്ത്രേകറിലൂടെ ഗോവയാണു ലീഡെടുത്തത്. 52ാം മിനുട്ടില്‍ ലിസ്റ്റന്‍ കലക്കോറിലൂടെ ഗോവ രണ്ടാം ഗോളുമായി ലീഡുയര്‍ത്തി. രണ്ടു മിനുട്ടിനുള്ളില്‍ എനെസ്റ്റര് മലംഗിയാങിലൂടെ മേഘാലയ ഒരു ഗോള്‍ മടക്കിയെങ്കിലും പ്രതിരോധ മികവിലൂടെ ഗോവ മത്സരം സ്വന്തമാക്കുകയായിരുന്നു.
ഇന്നു നടക്കുന്ന പോരാട്ടങ്ങളില്‍ മിസോറം- മഹാരാഷ്ട്രയുമായും പഞ്ചാബ്- റെയില്‍വേസുമായും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."