നീലേശ്വരം താലൂക്ക് ആശുപത്രി: ഒ.പി വിഭാഗം രോഗീ സൗഹൃദമാക്കുന്നു
നീലേശ്വരം: നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഒ.പി വിഭാഗം രോഗീ സൗഹൃദമാക്കുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായാണ് രോഗീ സൗഹൃദ ഒ.പിയാക്കി മാറ്റുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഔട്ട് പേഷ്യന്റ് വിഭാഗം ബ്ലോക്ക് നിര്‍മിക്കാന്‍ 1,45,60,000 രൂപ രൂപ അനുവദിച്ചു.
സംസ്ഥാനത്ത് ഇത്തരത്തില്‍ തുക അനുവദിച്ച അഞ്ച് താലൂക്ക് ആശുപത്രികളില്‍ ഒന്നും ജില്ലയിലെ ഏക ആശുപത്രിയുമാണ് നീലേശ്വരത്തേത്.
എം. രാജഗോപാലന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭിച്ചത്. നിലവില്‍ നിര്‍മാണം നടക്കുന്ന ഐ.പി ബ്ലോക്കിന് സമീപമാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാന ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണ ചുമതല. ഇതിന്റെ ഭാഗമായി ഹൗസിങ് ബോര്‍ഡ് എന്‍ജിനീയര്‍ യൂസഫ്, ദേശീയ ആരോഗ്യ മിഷന്‍ എന്‍ജിനീയര്‍ നിതിന്‍ കുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷ പി.എം സന്ധ്യ, കൗണ്‍സിലര്‍ പി. മനോഹരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
അതേസമയം പി. കരുണാകരന്‍ എം.പിയുടെ ശ്രമഫലമായി രണ്ടുകോടി 17 ലക്ഷം രൂപ ചിലവില്‍ നബാര്‍ഡിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഐ.പി ബ്ലോക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ആസ്തി വികസന നിധിയില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപയുടെ കാഷ്വാലിറ്റി ബ്ലോക്കിന് സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.
മികച്ച ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കായകല്‍പം പുരസ്‌കാരം രണ്ടുതവണ നേടിയ താലൂക്ക് ആശുപത്രി കൂടിയാണ് നീലേശ്വരത്തേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."