നെതര്‍ലന്റ് ഫാസിസത്തിന്റെ തലസ്ഥാനമെന്ന് തുര്‍ക്കി
റോട്ടര്‍ഡാം: നെതര്‍ലന്റ് സര്‍ക്കാരിനെ നാസികളോട് ഉപമിച്ച തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ നടപടിക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രശ്‌നം. തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ വിമാനം നെതര്‍ലന്റില്‍ പ്രവേശിക്കുന്നത് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
നെതര്‍ലന്റിന്റെ നടപടിയെ നാസികളോട് ഉപമിച്ച ഉര്‍ദുഗാന്‍ ആ രാജ്യത്തിന്റെ വിമാനം തങ്ങളുടെ വ്യോമമേഖലയില്‍ കടക്കില്ലെന്ന് വ്യക്തമാക്കി.
നെതര്‍ലന്റ് ഫാസിസത്തിന്റെ തലസ്ഥാനമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവസൊഗ്‌ലുവും പ്രതികരിച്ചു. റോട്ടര്‍ഡാമിലെ രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കുന്നത് തടയാനാണ് തുര്‍ക്കി വിദേശകാര്യമന്ത്രിക്ക് നെതര്‍ലന്റ് യാത്രാനുമതി നിഷേധിച്ചത്.
ഇതേതുടര്‍ന്ന് റോട്ടര്‍ഡാമിലെ പ്രതിഷേധ റാലി പൊലിസ് അടിച്ചമര്‍ത്തുകയും ചെയ്തു. നെതര്‍ലന്റിലേക്കുള്ള പ്രവേശന അനുമതി തടഞ്ഞതുമൂലം മെവ്‌ലൂതും സംഘവും ഫ്രാന്‍സിലെത്തി.
മറ്റൊരു രാജ്യത്തെ ആഭ്യന്തര നയത്തെ കുറിച്ചുള്ള രാഷ്ട്രീയ റാലി നെതര്‍ലന്റില്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റാലിക്ക് അനുമതി നിഷേധിച്ചത്. എന്നാല്‍ ജനാധിപത്യത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന നെതര്‍ലന്റ് ഇപ്പോള്‍ ഫാസിസത്തിന്റെ തലസ്ഥാനമായെന്ന് വടക്ക് കിഴക്കന്‍ ഫ്രഞ്ച് നഗരമായ മെറ്റ്‌സില്‍ മെവ്‌ലൂത് കാവസൊഗ്‌ലു പറഞ്ഞു.
യൂറോപ്യന്‍ യൂനിയന്‍ രാജ്യമാണ് തുര്‍ക്കിയും നെതര്‍ലന്റും. നാറ്റോ സഖ്യരാജ്യങ്ങളുമാണ് ഇരുവരും. നെതര്‍ലന്റില്‍ നാലു ലക്ഷത്തോളം തുര്‍ക്കി വംശജരുണ്ട്.
തുര്‍ക്കി കുടുംബക്ഷേമ മന്ത്രി ഫത്മ ബെതുല്‍ സയാന്‍ കയായെയും റോട്ടര്‍ഡാമില്‍ നിന്ന് പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."