ദാരിദ്ര്യമില്ല, പക്ഷെ ബി.പി.എല്ലാവണം
വലിയപറമ്പ് പഞ്ചായത്തിന്റെ ഗ്രാമസഭകളില്‍ പങ്കെടുക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ ഗ്രാമസഭകളില്‍ ഇങ്ങനെ പറഞ്ഞു..,നമ്മുടെ പഞ്ചായത്തില്‍ അനര്‍ഹരായ നിരവധി കുടുംബങ്ങള്‍ ബി.പി.എല്‍ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. അര്‍ഹരായ പലരും പുറത്തുപോയിട്ടുണ്ട്. ആയതിനാല്‍ അനര്‍ഹരായവര്‍ ലിസ്റ്റിലുണ്ടെങ്കില്‍ സ്വയം ഒഴിവാകണം. അര്‍ഹരായവന്റെ മുതല്‍ കളവ് നടത്തുന്നതിന് തുല്യമാണ്. എന്നിട്ടും ഒരൊറ്റ അനര്‍ഹനും കുലുക്കമില്ല. ഏതാനും ചിലര്‍ പ്രസിഡന്റ് ഇതു പറയുന്നതിന് മുന്‍പേ തന്നെ ബി.പി.എല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞുവെങ്കിലും മറ്റു പലര്‍ക്കും ദാരിദ്ര്യമാണെന്ന് പറയാന്‍ മടിയുണ്ടെങ്കിലും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടണമെന്ന് പറയാന്‍ ഒരു മടിയുമില്ലാത്ത അവസ്ഥയാണ്. ജില്ലയില്‍ പലയിടത്തും സര്‍ക്കാര്‍ ജീവനക്കാരടങ്ങിയ കുടുംബങ്ങള്‍ പോലും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഉത്തരം മുട്ടി
പഞ്ചായത്ത് അംഗങ്ങള്‍
നിലവിലെ ബി.പി.എല്‍ ലിസ്റ്റ് അപാകതകള്‍ പരിശോധിച്ച് പരിഹരിക്കാനും അര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും അനര്‍ഹരെ ലിസ്റ്റിന് പുറത്താക്കാനും ചേരുന്ന ഗ്രാമസഭകള്‍ ബി.പി.എല്‍ ലിസ്റ്റില്‍ തട്ടി കലങ്ങിമറിയുന്ന സംഭവങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഗ്രാമസഭകളില്‍ കൂട്ടമായി എത്തി നിരവധി സമ്പന്നര്‍ ബി.പി.എല്‍ ലിസ്റ്റിലാണെന്നും ഞങ്ങള്‍ മാത്രം എപി.എല്‍ ലിസ്റ്റിലെന്നും വാദിക്കുന്നവരുണ്ട്.
ഇവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടുകയാണ് തദ്ദേശ സ്വയംഭരണ അംഗങ്ങള്‍ക്ക്. മുന്‍ഗണനാ പട്ടികയുടെ ഒരു ഘട്ടത്തിലും ഇടപെടാതിരുന്ന പഞ്ചായത്ത് അംഗങ്ങള്‍ അവസാന ഘട്ടത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഇങ്ങനെയൊരു കൊടുംചതി ചെയ്യുമെന്ന് കരുതിയതേയില്ല.
കേന്ദ്ര, കേരള സര്‍ക്കാരുകളും സിവില്‍ സപ്ലൈസ് വകുപ്പും എല്ലാം ഒപ്പിച്ചുവെച്ചിട്ട് ഇപ്പോള്‍ എല്ലാത്തിനും കൂടി മറുപടി പറയേണ്ട ഗതികേടിലാണ് തദ്ദേശ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."