സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം ആവശ്യം: ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാര്‍
ദമാം: സമൂഹത്തില്‍ സമാധാനം നിലല്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി കൂട്ടായ പരിശ്രമം വേണമെന്നും സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ശൈഖുല്‍ ജാമിഅ ആലിക്കുട്ടി ഉസ്താദ് പ്രസ്താവിച്ചു.'പൈതൃകം, നവോധാനം, സത്യസാക്ഷ്യം' എന്ന പ്രമേയത്തില്‍ ജുബൈല്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മിറ്റി ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന ആദ്യ ത്രൈമാസ ക്യാംപയിനിന്റെ സമാപനവും രണ്ടാം ഘട്ട ത്രൈമാസ ക്യാംപയിനിന്റെ ഉദ്ഘാടനകര്‍മവും ജുബൈല്‍ ബദര്‍ അല്‍ റബീഹ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നിര്‍വ്വഹിച്ചു സംസാരിക്കുകയായിന്നു അദ്ദേഹം.
കേരളത്തിന്റെ മത സൗഹാര്‍ദ്ദം പാരമ്പര്യമായി ലഭിച്ചതാണ്. പ്രവാചക കാലത്ത് തന്നെ ഇസ്‌ലാം വന്നെത്തിയ കേരള മണ്ണില്‍ സ്വഹാബിമാരെയും മറ്റും സ്വീകരിച്ചത് ഇവിടെയുള്ള ഹൈന്ദവ സഹോദരന്മരായിരുന്നു. അവരാണ് അതിഥികളായി വന്നെത്തിയ പ്രവാചക അനുചരന്മാര്‍ക്ക് വേണ്ട മുഴുവന്‍ സഹായങ്ങളും നല്‍കിയത്. കാലശേഷം മുസ്‌ലിംകള്‍ക്ക് ശേഷിയുണ്ടായപ്പോള്‍ തിരിച്ചും സഹായിച്ച സഹകരിച്ച ചരിത്ര പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇതേ സന്ദേശമാണ് പ്രവാചകന്‍ നമുക്ക് കാണിച്ചുതന്നതും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറയെ ഭക്ഷിക്കുന്നവന്‍ മുസ്‌ലിമല്ലെന്ന പ്രവാചകന്റെ വചനത്തില്‍ അയല്‍വാസി മുസ്‌ലിമെന്നു നോക്കണമെന്ന് പറഞ്ഞിട്ടില്ല. ആ നിലക്കുള്ള സമാധാനപരമായ ജീവിതമാണ് നമുക്ക് വേണ്ടത്. അത് മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, ഭൂമിലോകത്തെ സകല ജീവികളോടും കാണിക്കണം. ഇതിനു വേണ്ടിയാണ് പ്രവാചകന്‍ തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ മനുഷ്യാവകാശത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചത്. ഇന്ന് മനുഷ്യാവകാശം സമൂഹത്തില്‍ നിന്നും എടുക്കപ്പെട്ടു കളഞ്ഞിരിക്കുന്നു. മനുഷ്യന്റെ രക്തത്തിനു തീരെ വിലയില്ല. ആളുകളെ വെറുതെ കൊല്ലുകയാണ്. സമാധാനത്തിനു വേണ്ടിയുള്ള തേടലിലാണ് പ്രവാചകന്റെ സന്ദേശത്തിന്റെ പ്രസക്തി ഉയരുന്നത്. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഭാഗമാണ് അനാഥകുട്ടികളെ സംരക്ഷിക്കല്‍. എന്നാല്‍, ഇന്ന് വിവിധ നിയമങ്ങള്‍ കൊണ്ടുവന്ന് ഇതിനെ തടയുകയാണ്. ഇത് നീതീകരിക്കാന്‍ കഴിയില്ല. റാബിത്വ അടക്കമുള്ള സംഘടനകള്‍ ഇതിനായി നല്‍കുന്ന സഹായങ്ങള്‍ പോലും ഇന്ന് തടയപ്പെട്ടിരിക്കുകയാണ്. ഭവനമില്ലാത്തവര്‍ക്ക് ഭവനവും ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണവും സമുദായ ഗുണത്തിനും വേണ്ടിയായിരിക്കണം നമ്മുടെ സാഹോദര്യ പ്രവര്‍ത്തനം. അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഖാസിമി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂജിര്‍ഫാസ് മൗലവി പ്രസംഗിച്ചു. നവോത്ഥാനം സമസ്തയുടെ അടയാളപ്പെടുത്തലുകള്‍ എന്ന വിഷയത്തില്‍ സവാദ് ഫൈസി വര്‍ക്കല മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. വാര്‍ഷിക സമ്മേളനത്തിന്റെ കഴിഞ്ഞു പോയ ത്രൈമാസ റിപ്പോര്‍ട്ട് നൗഷാദ് കെ.എസ് പുരം അവതരിപ്പിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു സെട്രല്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന ഉത്തരേന്ത്യയിലെ പ്രോജക്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും പദ്ധതിപ്രഖ്യാപനവും സെന്‍ട്രല്‍ കമ്മിറ്റി നാഷണല്‍ പ്രോജക്റ്റ് കണ്‍വീനര്‍ എന്‍ജിനീയര്‍ ആരിഫ് അവതരിപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അഡ്വ: പി.ജെ ആന്റണി (ഒ.ഐ.സി.സി), ഉമറുദ്ധീന്‍ സാഹിബ് (തനിമ), യു.എ റഹീം, അഷ്‌റഫ് ചെട്ടിപ്പടി (കെ.എം.സി.സി) സംസാരിച്ചു. സമസ്ത സെക്രട്ടറിക്കുള്ള ആദരം ഷാളണിയിക്കല്‍ കര്‍മം സൈതലവി ഹാജി വേങ്ങര നിര്‍വ്വഹിച്ചു. ഖുര്‍ആന്‍ ചരിത്ര ഭൂമിയിലൂടെ നടത്തിയ ചരിത്രപഠന യാത്രയിലെ ക്വിസ്സ് വിജയികളായ ശിഹാബ് കൊടുവള്ളി, മുഹമ്മദ് മിന്‍ഹാജ് എന്നിവര്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റാഫി ഹുദവി സ്വാഗതവും മനാഫ് മാത്തോട്ടം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."