ഇന്ത്യ-സഊദി സൗഹൃദം വിളിച്ചോതി ഐ.എന്‍.എസ് തരംഗിണി ജിദ്ദയില്‍
റിയാദ്: ഇന്ത്യ-സഊദി സൗഹൃദം വിളിച്ചോതി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് തരംഗിണി സഊദിയില്‍. കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ പരിശീലന കപ്പലാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സഊദിയിലെ ജിദ്ദ തുറമുഖത്തെത്തിയത്. പതിമൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം ജിദ്ദ തുറമുഖത്തെത്തിയ നാവിക കപ്പല്‍ അടുത്ത ദിവസം മാള്‍ട്ടയിലേക്ക് യാത്ര തിരിക്കും. പതിമൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനു ഏഴു മാസത്തെ ദീര്‍ഘയാത്രയാണ് ഐ.എന്‍.എസ് തരംഗിണി നടത്തുന്നത്.
ഇന്ത്യ-സഊദി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും പ്രതിരോധ മേഖലയില്‍ കൂടുതല്‍ പരസ്പര സഹകരണം ശക്തമാക്കുന്നതിനുമാണ് തരംഗിണി ലക്ഷ്യമിടുന്നതെന്ന് കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു. നാവിക പരിശീലനത്തോടൊപ്പം വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ഈ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കുകയും ലക്ഷ്യമിടുന്നതായി ക്യാപ്റ്റന്‍ കമാന്‍ഡര്‍ രാഹുല്‍ മെഹ്ത്ത വ്യക്തമാക്കി.
ഏപ്രില്‍ പത്തിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട തരംഗിണി ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ജിദ്ദയിലെത്തിയത്. ഇവിടെ നിന്നും മാള്‍ട്ടയിലേക്കും തുടര്‍ന്ന് പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്, ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, നോര്‍വേ, സ്‌പെയിന്‍, ഇറ്റലി, ഇസ്‌റാഈല്‍ സന്ദര്‍ശനവും കഴിഞ്ഞു ജിബൂതിയിലെത്തി 20,000 നോട്ടിക്കല്‍ മൈല്‍ താണ്ടി ഏഴു മാസത്തിനു ശേഷം കൊച്ചിയില്‍ തന്നെ തിരിച്ചെത്തും. അഞ്ചു ഓഫിസര്‍മാര്‍ക്ക് പുറമെ 35 നാവികാരാണ് ഐ.എ.എസ് തരംഗിണിയിലെ സ്ഥിരം നാവിക സേനാംഗങ്ങള്‍.
ലോകയാന്‍ 2018ന്റെ ഭാഗമായുള്ള യാത്രാ പര്യടനത്തിനിടെ ഫ്രാന്‍സിലെ ബോര്‍ദ്യുവില്‍ നടക്കുന്ന ബിസ്‌കെ ടാല്‍ഷിപ്പ് റേസിലും ബ്രിട്ടനിലെ സണ്ടര്‍ലാന്‍ഡിലെ ടാല്‍ഷിപ്പ് റേസിലും തരംഗിണി പങ്കെടുക്കും. ഇതിനു മുന്‍പ് 2015 ലാണ് തരംഗിണി ലോകയാത്രക്ക് പുറപ്പെട്ടത്.
ഭൂമി ചുറ്റിയ ആദ്യ ഇന്ത്യന്‍ കപ്പലും തരംഗിണിയാണ്. 1997 നവംബറില്‍ കമ്മീഷന്‍ ചെയ്ത തരംഗിണിയുടെ യാത്രക്ക് ഇരുപത് വലിയ പായകളാണ് സഹായിക്കുന്നത്. 10,000 ചതുരശ്ര അടിയാണ് ഈ പായകളുടെ ആകെ വിസ്തീര്‍ണം. തുടര്‍ച്ചയായി ഇരുപത് ദിവസത്തിലേറെ കടലില്‍ യാത്ര നടത്താനുള്ള ശേഷി ഈ പരിശീലന കപ്പലിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."