ശ്രീജിത്തിന്റെ മരണം; ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന് ഹസ്സന്‍
തിരുവനന്തപുരം: വരാപ്പുഴ വീടാക്രമണക്കേസിലെ യാഥാര്‍ഥ പ്രതികള്‍ കീഴടങ്ങിയ സാഹചര്യത്തില്‍ നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ചവിട്ടിക്കൊന്ന കേസിലെ പ്രതികളായ മുഴുവന്‍ പൊലിസുകാരേയും സര്‍വിസില്‍നിന്ന് ഡിസ്മിസ് ചെയ്ത് കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.
ശ്രീജിത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് വ്യക്തമായിട്ടും അതേക്കുറിച്ച് അന്വേഷിക്കാത്തതും ആരോപണവിധേയനായ റൂറല്‍ എസ്.പിയെ കേസില്‍ ഉള്‍പെടുത്താതിരിക്കുന്നതും മുഖ്യമന്ത്രിയുടെ സ്വാധീനത്തിന് വഴങ്ങിയാണ്.
കസ്റ്റഡി മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാവില്ല. ഈ സംഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യന്ത്രി പറയുമ്പോള്‍ ആ നാണക്കേടില്‍ നിന്ന് പൊലിസ് മന്ത്രിക്കും പൊലിസ് സേനയ്ക്കും ഒഴിഞ്ഞുമാറാനാവില്ല. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ നിരപരാധിയായ ശ്രീജിത്തിനെക്കുറിച്ച് വ്യാജമൊഴി നല്‍കിയതും റൂറല്‍ എസ്.പി സി.പി.എം നേതാക്കളെ ഫോണില്‍ വിളിച്ച് ശ്രീജിത്തിനെ വേണ്ടവിധം കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചതും ഇതുവരെ അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തിയിട്ടില്ല.
നിരപരാധിയായ ഒരു യുവാവിനെ പൊലിസ് ചവിട്ടിക്കൊന്നിട്ട് അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ സമയബന്ധിതമായി കര്‍ശനമായ നടപടി സ്വീകരിക്കാന്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രിയെയും കേസിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. നിലവിലത്തെ സാഹചര്യത്തില്‍ ഈ കേസ് എത്രയും പെട്ടന്ന് സി.ബി.ഐക്ക് കൈമാറണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."