'തറവാടി'ന്റെ തണലില്‍ ഡെയ്‌സി വിവാഹിതയായി
പാനൂര്‍: 'തറവാടി'ന്റ തണലില്‍ ഡെയ്‌സി സുമംഗലിയായി. പാനൂരിനടുത്ത ഈസ്റ്റ് വള്ള്യായിലെ പുത്തന്‍വീട്ടില്‍ കെ.പി വിജേഷാണ് മുഴപ്പിലങ്ങാട്ടെ തറവാട് അഗതിമന്ദിരത്തിലെ അന്തേവാസിനി ഡെയ്‌സിയുടെ കഴുത്തില്‍ മിന്നുകെട്ടിയത് . തലശ്ശേരിയില്‍ ആശുപത്രിയില്‍ നിന്നുമുണ്ടായ പരിചയമാണ് ഇവരുടെ വിവാഹത്തില്‍ കലാശിച്ചത്.
അഗതിമന്ദിരത്തിലെ അന്തേവാസിക്ക് കൂട്ടായാണ് ഡെയ്‌സി ആശുപത്രിയിലെത്തിയിരുന്നത്. പിതാവിന്റെ ചികില്‍സാര്‍ഥമാണ് വിജേഷ് ആശുപത്രിയിലുണ്ടായിരുന്നത്. തുടര്‍ന്ന് അഗതിമന്ദിരം അധികൃതരുമായി സംസാരിച്ചതും വിവാഹത്തില്‍ കലാശിച്ചതുമെല്ലാം വേഗത്തിലായിരുന്നുവെന്ന് വിജേഷ് പറയുന്നു.
അഗതി മന്ദിരം ഭാരവാഹികളുടെയും വിജേഷിന്റെ ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തില്‍ പാനൂര്‍ ഗുരുസന്നിധിയില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടന്നു. ശനിയാഴ്ച രാത്രിയില്‍ മൈലാഞ്ചിയിടല്‍ ചടങ്ങും നടത്തിയിരുന്നു ഡെ.കലക്ടര്‍ ബി അബ്ദുനാസര്‍, തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം തുടങ്ങിയ പ്രമുഖരും പങ്കെടുത്തു. തറവാട് പ്രസിഡന്റ് ബാത്തല ഫസല്‍, സിക്രട്ടറി മുഹമ്മദ് ഷാനിദ്, ട്രഷറര്‍ സി.പി.ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സ്വകാര്യ ബസില്‍ ക്ലീനറായ വിജേഷ് പുത്തന്‍വീട്ടില്‍ ഭാസ്‌കരന്റെയും കമലയുടെയും മകനാണ്. എടക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തറവാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."