റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം
കുറ്റിയാട്ടൂര്‍: പൊട്ടിപ്പൊളിഞ്ഞ എട്ടേയാര്‍ കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം കാരാറമ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എട്ടേയാറില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കുറ്റിയാട്ടൂര്‍ വിശേഷം വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ജനകീയ ആക്ഷന്‍ കമ്മിറ്റിയാണ് റോഡ് ഉപരോധിച്ചത്. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഒരു വര്‍ഷം മുമ്പ് റോഡ് ടാര്‍ ചെയ്യുന്നതിനു ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കണ്ണൂര്‍ സ്വദേശിയായ ഒരു കരാറുകാരന് 32 ലക്ഷം രൂപയ്ക്ക് റോഡ് പണി ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി കരാറില്‍ ഒപ്പു വെക്കുകയോ റോഡ് പണി ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണു നാട്ടുകാര്‍ ഉപരോധ സമരം നടത്തിയത്. ഉപരോധ സമരത്തിന് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് എന്‍.പി ഷാജി, കണ്‍വീനര്‍ സജീവ് അരിയേരി, സി സുരേഷ് ബാബു, ദിവാകരന് കുറ്റിയാട്ടൂര്‍, എം.വി ഗോപാലന്, പി.വി അച്യുതാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."