ഒന്‍പതു വര്‍ഷത്തിനുശേഷം വീണ്ടും ലബനാന് ജനത വിധിയെഴുതി
ബെയ്റൂത്ത്: ഒരു പതിറ്റാണ്ടിനിടയിലുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ലബനാന് ജനത വിധിയെഴുതി. 2009നു ശേഷം ലബനീസ് പാര്‍ലമെന്റിലേക്കു നടക്കുന്ന ആദ്യ വോട്ടെടുപ്പാണ് ഇന്നലെ സമാപിച്ചത്.
2011ല്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം ലബനാനില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥി പ്രവാഹം രൂക്ഷമായതോടെ രാജ്യത്തെ സാമ്പത്തികനില താറുമാറായിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അടിമുടി മാറ്റിയ ശേഷമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. വിവിധ മതവിഭാഗങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. എന്നാല്‍, പോളിങ് ബൂത്തുകളില്‍ വന്‍ ജനത്തിരക്കാണ് ഇന്നലെയുണ്ടായത്. സഊദി അറേബ്യയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളു ടെയും പിന്തുണയുള്ള പ്രധാനമന്ത്രി സഅദ് ഹരീരിയുടെ ഫ്യൂച്ചര്‍ മൂവ്മെന്റും ഇറാന് പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലാണു പ്രധാന മത്സരം. ഹരീരിയുടെ പാര്‍ട്ടി രാജ്യത്തെ സുന്നി ജനവിഭാഗത്തെ പ്രതിനിധീകരിക്കുമ്പോള്‍ ശീഈ പാര്‍ട്ടിയാണ് ഹിസ്ബുല്ല. വലിയൊരു ശതമാനം ക്രിസ്ത്യന്‍ ജനവിഭാഗവും രാജ്യത്തുണ്ട്. നിലവില്‍ രാജ്യം ഭരിക്കുന്ന പോലെ കൂട്ടുകക്ഷി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. സഅദ് ഹരീരി വീണ്ടും ജനവിധി തേടിയിരുന്നു. മിക്കവാറും ഹരീരി തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനും നേതൃത്വം നല്‍കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആകെ 3.6 മില്യന്‍ വോട്ടര്മാക്കാണ് ലബനാനില്‍ സമ്മതിദാനാവകാശമുള്ളത്. 15 ജില്ലകളില്‍ 128 മണ്ഡലങ്ങളിലായി 500ലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."