കെജ്‌രിവാളിന് ഇന്ന് നിർണായകം; ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹരജിയിൽ വിധി ഇന്ന്
ന്യൂഡൽഹി: ഡല്‍ഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‍രിവാൾ സമർപ്പിച്ച ഹരജിയിലാണ് ഡൽഹി ഹൈക്കോടതി വിധി പറയുക. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് സ്വർണ്ണ കാന്താ ശർമ്മയാണ് വിധി പ്രസ്താവിക്കുക.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും കെജ്‍രിവാൾ ആരോപിക്കുന്നു. ബുധനാഴ്ചയാണ് കെജ്‍രിവാളിന്‍റെ ഹരജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിൽവാസം തുടരുമോ മോചനം ലഭിക്കുമോയെന്നത് കെജ്‍രിവാളിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
അഴിമതിയുടെ സൂത്രധാരൻ കെജ്‍രിവാളാണെന്നും ആം ആദ്മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് വിഷയത്തിൽ ഇ.ഡി ഉയർത്തുന്ന ആരോപണം. മാർച്ച് 21നാണ് ഇ.ഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അരവിന്ദ് കെജ്‍രിവാൾ. അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു
അതേസമയം, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കവിതയെ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇടക്കാല ജാമ്യം തേടിയുള്ള കവിതയുടെ ഹരജി ഇന്നലെ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."