സമസ്ത പൊതുപരീക്ഷാ മൂല്യനിര്‍ണയം മാതൃകയാവുന്നു
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷാ സംവിധാനവും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപും മറ്റുപരീക്ഷകള്‍ക്ക് കൂടി മാതൃകയാവുന്നു. സര്‍ക്കാറുകളും സര്‍വകലാശാലകളും നടത്തുന്ന പല പരീക്ഷകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും മാര്‍ക്ക് ദാനവും മൂല്യനിര്‍ണയത്തിലെ താളം തെറ്റലുംകൊണ്ട് വിവാദമാവുമ്പോള്‍ സമസ്തയുടെ പൊതുപരീക്ഷ ഇതിനെല്ലാം അപവാദമായി നില്‍ക്കുന്നു.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി രണ്ടരലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ മദ്‌റസ പൊതുപരീക്ഷ ഇത്രയും കുറ്റമറ്റരീതിയില്‍ എങ്ങിനെ നടത്താന്‍ കഴിയുന്നു എന്നതാണ് അക്കാദമിക സമൂഹം ചിന്തിക്കുന്നത്. സമസ്തയുടെ പരീക്ഷാ സംവിധാനവും മൂല്യനിര്‍ണയ രീതിയും മനസിലാക്കാന്‍ അക്കാദമിക് വിദഗ്ദര്‍ പലപ്പോഴായി ക്യാംപ് സന്ദര്‍ശിക്കാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ മൂല്യനിര്‍ണയ ക്യാംപ് സന്ദര്‍ശിക്കുകയും ഇത് എല്ലാ പരീക്ഷകള്‍ക്കും മാതൃകയാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
പഴുതടച്ച സംവിധാനമാണ് പരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും വേണ്ടി ഒരുക്കുന്നത്. ഈ വര്‍ഷം കുട്ടികള്‍ വര്‍ധിച്ചതിനാലും അധ്യാപകരുടെ സൗകര്യാര്‍ഥവും 8 കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം നടത്തുന്നത്.
ഓരോ സെന്ററിലും 150 വീതം പരിശോധകരെയും പത്തോളം ഒഫീഷ്യല്‍സിനെയും നിയമിച്ചിട്ടുണ്ട്. റാന്‍ഡം ചെക്കിങിന് പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ഒരാളെയും മൂല്യനിര്‍ണയ ക്യാംപില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. രാവിലെ 6 മണിക്ക് തുടങ്ങി രാത്രി 9 മണിവരെ മൂല്യനിര്‍ണയ ക്യാംപ് പ്രവര്‍ത്തിക്കും.
പരിശോധകര്‍ക്കുള്ള ഭക്ഷണവും താമസവും ക്യാംപില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
നാളെ മൂല്യനിര്‍ണയ ക്യാംപിന് സമാപനമാവും. പരിശോധനക കഴിഞ്ഞ പേപ്പറുകളും മാര്‍ക്ക് ലിസ്റ്റും ചേളാരി സമസ്താലയത്തില്‍ എത്തിച്ച് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നിശ്ചിത ദിവസം തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചേളാരി സമസ്താലയത്തില്‍ പ്രവര്‍ത്തിക്കുന്ന മൂല്യനിര്‍ണയ ക്യാംപ് സന്ദര്‍ശിച്ചു സംതൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."