വളന്റിയര്‍ നിയമനം; ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചൂടേറിയ ചര്‍ച്ച
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടന വേളയില്‍ സഹായിക്കുന്നതിനുളള വളന്റിയര്‍(ഖാദിമുല്‍ ഹുജ്ജാജ്)നിയമനത്തെ ചൊല്ലി ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചൂടേറിയ ചര്‍ച്ച.ഹജ്ജ് കമ്മറ്റി അംഗം എ.കെ.അബ്ദുറഹ്മാനാണ് നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്.വളന്റിയര്‍മാരെ നിയമിക്കുന്നതിനുള്ള അധികാരം ഹജ്ജ് കമ്മിറ്റിക്കായിരിക്കെ ചെയര്‍മാന്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചതടക്കം യോഗത്തില്‍ വാദം ഉയര്‍ന്നു.
വളന്റിയര്‍ പട്ടികയില്‍ ഹജ്ജ് ഹൗസിലെ നാലുപേരുള്‍പ്പെട്ടതും ചോദ്യം ചെയ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും വിരമിച്ച അസി.സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ സഊദിയിലേക്ക് പോയാല്‍ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്നും ആക്ഷേപം ഉയര്‍ന്നു. നിലവില്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച അംഗമാണ് എ.കെ.അബ്ദുറഹിമാന്‍.
അടുത്ത വര്‍ഷം മുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ നിയമനം നടത്തുകയുള്ളൂവെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കിയതോടെയാണ് വിഷയം അവസാനിച്ചത്. പ്രശ്‌നത്തില്‍ ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയും ഇടപെട്ടു രമ്യമായി പരിഹരിക്കാന്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ ഹജ്ജ്, ഉംറ തീര്‍ഥാടനം നടത്തിയവര്‍ ഈ വര്‍ഷം ഹജ്ജിന് രണ്ടായിരം സൗദി റിയാല്‍ അധികം നല്‍കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി സഊദി ഹജ്ജ് മന്ത്രാലയത്തിന് കത്തെഴുതിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലും വിഷയം ഉന്നയിക്കുമെന്നും ഇ.ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."