കൂടുതല്‍ വ്യക്തത തേടി സുപ്രിം കോടതിയിലേക്ക്
കൊണ്ടോട്ടി: ഹജ്ജിന് അഞ്ചാം വര്‍ഷക്കാരായ 65നും 69നും ഇടയില്‍ പ്രായമുളളവര്‍ക്ക് അവസരം നല്‍കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതിയെ വീണ്ടും സമീപിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. ഇത്തരക്കാരുടെ കവര്‍ നമ്പറില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് കൂടി അവസരം നല്‍കണമെന്നാണ് ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുക. കവറില്‍ ഉള്‍പ്പെട്ട ഭാര്യക്കോ മറ്റൊരാള്‍ക്കോ അവസരം നല്‍കിയാല്‍ കൂടുതല്‍ പേര്‍ക്ക് തീര്‍ഥാടനത്തിന് പോകാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
അഞ്ചാം വര്‍ഷക്കാരില്‍ 65 നും 69 നും ഇടയില്‍ പ്രായമുള്ള 1102 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇവരില്‍ 292 പേര്‍ മാത്രമാണ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ നിയന്ത്രണത്തില്‍ ഇളവ് വരുത്തി കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാനാണ് ഹജ്ജ് കമ്മറ്റിയുടെ തീരുമാനം.
ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്ന് നടത്താന്‍ ഹജ്ജ് കമ്മിറ്റിക്ക് കൊച്ചിന്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ അനുമതി ലഭിച്ചതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മെയിന്റസ് ഹാങറിലായിരുന്നു നേരത്തേ ക്യാംപ് നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇവിടെ സൗകര്യമില്ലാത്തതിനാല്‍ വിമാനത്താവളത്തിന് എട്ട് കിലോമീറ്റര്‍ അകലെ ആലുവ മാറംപളളിയിലേക്ക് ക്യാംപ് മാറ്റിയിരുന്നു. 850 പേര്‍ക്ക് താമസിക്കാവുന്ന സിയാലിന്റെ അക്കാദമിക് കേന്ദ്രത്തിലാണ് ഹജ്ജ് ക്യാംപ് നടത്തുക. നിസ്‌കരിക്കാനും ഒരുമിച്ചു കൂടാനുമായി ഇവിടെ പ്രത്യേക പന്തല്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷത്തെ ബാത്ത്‌റൂമുകളും ഈ വര്‍ഷം സിയാല്‍ വിട്ടു നല്‍കും. ഇവിടേക്കുള്ള വഴി പ്രത്യേകം ഒരുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ 29ന്പുറപ്പെടും. ക്യാംപ് ജൂലൈ 28ന് ആരംഭിക്കും. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാകലക്ടറുമായ അമിത് മീണ, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, ഡോ.ഇ.കെ.അഹമ്മദ് കുട്ടി, അഹമ്മദ് മൂപ്പന്‍, എ.കെ.അബ്ദുറഹിമാന്‍, നസ്‌റുദ്ദീന്‍, എച്ച്.സി ബാബുസേട്ട്, ശരീഫ് മണിയാട്ടുകുടി, സി.എച്ച് മുഹമ്മദ് ചായിന്റടി, ഹജ്ജ് അസി.സെക്രട്ടറി ടി.കെ.അബ്ദുറഹിമാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."