വിവാദങ്ങള്‍ വിട്ടൊഴിയാതെ നീറ്റ്
പരീക്ഷാ സെന്ററുകളുടേത് മതവിരുദ്ധത: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട് : മത വസ്ത്രങ്ങള്‍ വിലക്കില്ലെന്ന സി.ബി.എസ്.ഇ നീറ്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പരീക്ഷാ സെന്റര്‍ അധികൃതര്‍ പ്രവര്‍ത്തിച്ചുവെന്നുംഇത്തരം നടപടി മതവിരുദ്ധവും, നിശ്ചിത താത്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ്.
മത വസ്ത്രങ്ങള്‍ ധരിച്ച് വന്നവരുടെ വസ്ത്രം മുറിച്ച നടപടി അങ്ങേയറ്റം പ്രതിഷേധകരമാണ്. മത വസ്ത്രങ്ങള്‍ ധരിച്ച് വരുന്നവര്‍ ഒരു മണിക്കൂര്‍ നേരത്തെ ഹാജരായാല്‍ പരിശോധനക്ക് ശേഷം പരീക്ഷ എഴുതാമെന്ന സി.ബി.എസ്.ഇ യുടെ നിര്‍ദേശം മറികടന്ന് സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കാനാണ് ചില സെന്ററുകള്‍ ശ്രമിച്ചത്.
പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളോട് കയര്‍ത്ത് സംസാരിച്ച ഇന്‍വിജിലേറ്റര്‍, ഓര്‍ഡര്‍ കാണിച്ചതിന് ശേഷമാണ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്. സി.ബി.എസ്.ഇ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സെന്ററുകള്‍ക്കെതിരേ സര്‍ക്കാരും സി.ബി.എസ്.ഇ യും നടപടി സ്വീകരിക്കണം.
കസ്റ്റമറി വസ്ത്രങ്ങള്‍ എന്ന പരാമര്‍ശം, മുഴുവന്‍ മതആചാര വസ്ത്രങ്ങളെയും ഉദ്ദേശിച്ചുള്ളതാണെങ്കിലും, അതിന്റെ പേരില്‍ തെറ്റിദ്ധാരണയുണ്ടാക്കി രക്ഷിതാക്കളെ കുഴക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.7.30 മുതല്‍ വിദ്യാര്‍ഥികള്‍ പരിശോധനക്കായി കാത്തിരുന്നിട്ടും, അധികൃതര്‍ സമയത്ത് എത്തിച്ചേരാത്ത അവസ്ഥ ഉണ്ടായെന്നും, പലയിടങ്ങളിലും അധ്യാപകരുടെ അസാന്നിധ്യത്തിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നും എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് ആരോപിച്ചു.
കോഴിക്കോട് ദേവഗിരി സി.എം.ഐ സ്‌കൂളില്‍ തുടക്കത്തില്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചെങ്കിലും കാംപസ് വിങ് നേതാക്കള്‍ സ്ഥലത്തെത്തി ഇടപെട്ടതോടെ ഫുള്‍ സ്ലീവ് വസ്ത്രത്തോടെ തന്നെ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിക്കുകയായിരുന്നു.
ചാലക്കുടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് വന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാല്‍ വിദ്യാര്‍ഥിനികള്‍ തിരികെ പോകേണ്ടി വന്നെന്നും മതേതര രാജ്യത്ത് ഇത്തരം പ്രവണതകള്‍ പരീക്ഷയുടെ മറവില്‍ നടക്കുന്നത് അനുവദിക്കില്ലെന്നും കാംപസ് വിങ് പ്രസ്താവിച്ചു.
പ്രതിഷേധ യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സിറാജ് ഇരിങ്ങല്ലൂര്‍ അധ്യക്ഷനായി. സുബൈര്‍ മാസ്റ്റര്‍, ഒ.പി.എം അഷ്‌റഫ്, നൂറുദ്ദീന്‍ ഫൈസി, അലി അക്ബര്‍ മുക്കം, റഫീഖ് മാസ്റ്റര്‍ സംബന്ധിച്ചു.
ആചാരപരമായ വസ്ത്രം ധരിക്കാം; കാറ്റില്‍
പറത്തിയത് സി.ബി.എസ്.ഇ ഉത്തരവ്
കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ വസ്ത്രം മുറിച്ചത് നിയമ വിരുദ്ധമായി. ഇന്നലെ നടന്ന പരീക്ഷയില്‍ പല സ്ഥലങ്ങളിലും ഫുള്‍ സ്ലീവ് വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളുടെ വസ്ത്രത്തിന്റെ കൈ മുറിക്കുകയായിരുന്നു.
വസ്ത്രവുമായി ബന്ധപ്പെട്ടു സി.ബി.എസ്.ഇ പൊതുവായി പുറത്തിറക്കിയ സര്‍ക്കുലറില്‍ ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവു എന്നു പറയുന്നുണ്ട്. ഈ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ് നേരത്തെ സി.ബി.എസ്.ഇ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനു നല്‍കിയ മറുപടിയില്‍ റിപ്പോര്‍ട്ടിങ് സമയത്തിന്റെ ഒരു മണിക്കൂര്‍ മുന്നെ എത്തിയാല്‍ ആചാരപരമായ വസ്ത്രങ്ങള്‍ ധരിക്കാമെന്നു പറയുന്നുണ്ട്.
'ആചാരപരമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആഗ്രഹിക്കുന്ന പരീക്ഷാര്‍ഥികള്‍ പരീക്ഷ ഹാളിലേക്കു കടക്കുന്നതിനു മുന്‍പ് മതിയായ ദേഹ പരിശോധന നടത്താന്‍ റിപ്പോര്‍ട്ടിങ് സമയത്തിന്റെ ഒരു മണിക്കൂര്‍ മുന്നേ പരീക്ഷാ സെന്ററില്‍ എത്തണം'.
ഈ നിയമത്തിനു വിരുദ്ധമായാണ് പല സ്ഥലങ്ങളിലും വസ്ത്രം മുറിച്ചിരിക്കുന്നത്.
ആചാരപരമായ വസ്ത്രം ധരിക്കാന്‍ ഭരണഘടന നല്‍കിയ സ്വാതന്ത്രത്തെ ഹനിക്കുന്ന നടപടിയാണ് അധികൃതരില്‍ നിന്നുണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല
തൃശൂര്‍: ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിയെ നീറ്റ് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ചാലക്കുടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ കൊടുങ്ങല്ലൂര്‍ പനങ്ങാട് സ്വദേശി കൊമ്പനേഴത്ത് വീട്ടില്‍ അബ്ദുല്‍ സലാമിന്റെ മകള്‍ ഹസ്‌ന ജഹാനെയാണ് സ്‌കൂള്‍ അധികൃതര്‍ തടഞ്ഞത്. രാവിലെ 7.25ന് ഹസ്‌നയും രക്ഷകര്‍ത്താവും സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ ശിരോവസ്ത്രം ധരിച്ചെത്തിയ ഹസ്‌നയെ ഗെയിറ്റിന് മുന്നില്‍ തടഞ്ഞു.
ശിരോവസ്ത്രം അഴിച്ചു നല്‍കിയാല്‍ മാത്രമെ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ ശഠിക്കുകയായിരുന്നു. വിദ്യാര്‍ഥി ഇതിന് തയാറായില്ല. ആചാരപ്രകാരം വസ്ത്രം ധരിക്കുന്നവര്‍ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എത്തി പരിശോധന പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന സി.ബി.എസ്.ഇയുടെ ചട്ടം നില്‍ക്കുമ്പോഴാണ് അധികൃതരുടെ ഈ നിയമവിരുദ്ധ നടപടി.
പരീക്ഷ തുടങ്ങുന്നത് വരെ ഗെയിറ്റിന് മുന്നില്‍ കാത്തു നിന്നിട്ടും വിദ്യാര്‍ഥിയെ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.
വസ്ത്രം മുറിപ്പിച്ചു; സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രക്ഷിതാക്കള്‍
.
കോഴിക്കോട്: മെഡിക്കല്‍ ബിരുദത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രത്തിന്റ കൈ പല പരീക്ഷാ കേന്ദ്രങ്ങളിലും അധികൃതര്‍ മുറിപ്പിച്ചു.
കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളില്‍ കൈ ഭാഗം മുക്കാല്‍ ഭാഗത്തോളം മറച്ച രീതിയില്‍ വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളോട് ഇത് മുറിച്ചു മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇങ്ങനെ വസ്ത്രം ധരിച്ചെത്തിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് കുറച്ച് ഭാഗം മുറിച്ചു മാറ്റിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടക്കാനായത്.
എന്നാല്‍ അവസാന ഘട്ടത്തില്‍ ഈ നിബന്ധനയില്‍ അധികൃതര്‍ ഇളവ് വരുത്തി കൈ ഭാഗം മറച്ചവരെയും പരീക്ഷാ ഹാളിലേക്ക് അയച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. ആചാരപരമായ വസ്ത്രം ധിരിക്കാന്‍ സി.ബി.എസ്.ഇ അനുമതി നല്‍കിയിട്ടും അതിനു വിരുദ്ധമായാണ് വസ്ത്രം മുറിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.ലോഹ നിര്‍മിതമായ ബട്ടണുകള്‍ ഉള്ള വസ്ത്രം ധരിച്ചെത്തിയവരെ വിലക്കിയതിനാല്‍ ഇവ മാറ്റിയാണ് പലരും അകത്ത് കയറിയത്.
ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളില്‍ സ്വര്‍ണ വള ധരിച്ചെത്തിയ ഒരു വിദ്യാര്‍ഥിനിക്ക് ഇത് അഴിക്കുന്നതിനിടെ കൈക്ക് ചെറിയ മുറിവും പറ്റി. ആണ്‍കുട്ടികളെയാണ് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയത്.
കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി നിബന്ധന നടപ്പാക്കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
മലപ്പുറത്ത് അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ കേന്ദ്രത്തിന്റെ വിലാസത്തില്‍ വന്ന പിശക് അവസാന നിമിഷം ആശയക്കുഴപ്പത്തിന് കാരണമായി. മഞ്ചേരി മുബാറക് സ്‌കൂളില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള യഥാര്‍ഥ കേന്ദ്രം അന്വേഷിച്ച് അലയേണ്ടി വന്നത് വിദ്യാര്‍ഥികളെ വലച്ചു. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രമായി മുബാറക് സ്‌കൂള്‍, കൊരമ്പയില്‍ ആശുപത്രിക്ക് സമീപം എന്നാണ് രേഖപ്പെടുത്തിയത്.
മൂന്നു കിലോമീറ്റര്‍ അകലെ സ്‌കൂളിന്റെ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടമായിരുന്നു പരീക്ഷാകേന്ദ്രത്തിനായി ഒരുക്കിയിരുന്നത്.
അച്ഛന്‍ മരിച്ചതറിയാതെ കസ്തൂരി പരീക്ഷയെഴുതി
കൊച്ചി: നീറ്റ് പരീക്ഷയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണ് (46) മരിച്ചത്. മകന്‍ കസ്തൂരി മഹാലിംഗത്തോടൊപ്പം ശനിയാഴ്ചയാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. ഇന്നലെ രാവിലെ കൃഷ്ണസ്വാമിക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ മാനേജരാണ് മഹാലിംഗത്തെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്. കൃഷ്ണസ്വാമിയുടെ ബന്ധു കൂടിയായ മാനേജര്‍ തിരിച്ചെത്തുമ്പോള്‍ ഇയാളുടെ നില ഗുരുതരമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സിറ്റി ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ക്കൊപ്പം ഡി.സി.പി കറുപ്പസ്വാമിയും ആശുപത്രിയിലെത്തി.
വൈകിട്ട് നാലോടെ ആംബുലന്‍സില്‍ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി. കൃഷ്ണസ്വാമിയുടെ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ പരീക്ഷ കഴിഞ്ഞ് മകനായ മഹാലിംഗത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ബന്ധുക്കളെത്തിയ ശേഷമാണ് കുട്ടിയോട് ദുരന്തവാര്‍ത്ത പറഞ്ഞത്. സംസ്ഥാന അതിര്‍ത്തിവരെ പൊലിസ് അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."