വേനൽ ചൂടിൽ പൊള്ളി കേരളം; 12 ജില്ലകളിൽ വെള്ളിയാഴ്ചവരെ ഉയർന്ന താപനില, ചില ജില്ലകളിൽ മഴയെത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ അധിക ചൂടിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും കൊല്ലം ജില്ലയില്‍ 39°C വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38°C വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
അതേ സമയം വേനല്‍ ചൂടില്‍ ആശ്വാസത്തിന്റെ കുളിരേകാൻ മഴയെത്തിയേക്കുമെന്നും പ്രവചനമുണ്ട്. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് നേരിയ മഴക്ക് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."