കാര്‍ലോസ് പുയോളിന് പുരസ്കാരം
മാഡ്രിഡ്: അത്ലറ്റിക്ക് ബില്‍ബാവോ ക്ലബിന്റെ വണ്‍ ക്ലബ് മാന്‍ പുരസ്കാരം ബാഴ്സലോണയുടെ മുന്‍ ഇതിഹാസ താരം കാര്‍ലോസ് പുയോളിന്. റയല്‍ ബെറ്റിസ്- അത്ലറ്റിക്ക് ബില്‍ബവോ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ച ഇടവേളയില്‍ മുന്‍ പ്രതിരോധ താരത്തിന് പുരസ്കാരം സമ്മാനിച്ചു. ഒറ്റ ക്ലബിന് വേണ്ടി മാത്രം കളിച്ച് വിരമിച്ച താരങ്ങള്‍ക്ക് നല്കുന്ന പുരസ്കാരമാണിത്. പുരസ്കാരം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് പുയോള്‍. നേരത്തെ മാറ്റ് ലെ ടിസ്സിയര് (മുന്‍ സാതംപ്ടന്, ഇംഗ്ലണ്ട് താരം) ആണ് ആദ്യമായി പുരസ്കാരം സ്വന്തമാക്കിയത്. പിന്നീട് പോളോ മള്‍ഡീനി (എ.സി മിലാന്, ഇറ്റലി), സെപ് മെയര്‍ (ബയേണ്‍ മ്യൂണിക്ക്, ജര്‍മനി) എന്നിവരും നേടി.
1995ല്‍ ബാഴ്സലോണ അക്കാദമിയില്‍ ചേര്‍ന്ന പുയോള്‍ 1999ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. പിന്നീട് ബാഴ്സയുടെ മുന്നേറ്റത്തില്‍ കരുത്തുറ്റ പ്രതിരോധ താരമായി നിലകൊണ്ട പുയോള്‍ കറ്റാലന്‍ ക്ലബിനായി 593 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. സ്പെയിനിനായി 100 മത്സരങ്ങളിലും താരം കളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."