മത്സ്യസമ്പത്തിന് കടുത്ത ഭീഷണി; എല്‍.ഇ.ഡി ലൈറ്റ് ഉപയോഗിച്ചുള്ള മീന്‍പിടിത്തം സംസ്ഥാനത്തും വ്യാപിക്കുന്നു
തിരുവനന്തപുരം: മത്സ്യസമ്പത്തിന് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ട് എല്‍.ഇ.ഡി ലൈറ്റ് ഉപയോഗിച്ചുള്ള മീന്‍പിടിത്തം കേരളത്തിലും വ്യാപിക്കുന്നു. എല്‍.ഇ.ഡി ലൈറ്റ് കടലിലിറക്കി മത്സ്യങ്ങളെ ആകര്‍ഷിച്ചു പിടിക്കുന്ന ഈ രീതി മത്സ്യക്കുഞ്ഞുങ്ങളുടെ വന്‍തോതിലുള്ള നാശത്തിനാണ് വഴിയൊരുക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പെടുത്തിയ വിലക്ക് ലംഘിച്ചുള്ള ഈ മത്സ്യബന്ധന രീതി ഫലപ്രദമായി തടയാന്‍ അധികൃതര്‍ക്കാവുന്നില്ല.
വലിയ ഇനം ബോട്ടുകളിലെത്തി വെള്ളം കടക്കാത്ത തരത്തില്‍ പ്രത്യേകം സജ്ജീകരിച്ച എല്‍.ഇ.ഡി ലൈറ്റുകള്‍ കടലിലിറക്കി മത്സ്യക്കൂട്ടത്തെ ആകര്‍ഷിച്ച് വലയുപയോഗിച്ച് പിടിക്കുന്ന രീതിയാണിത്. ബോട്ടുകളില്‍ സജ്ജീകരിച്ച വൈദ്യുതി സ്രോതസുകളുമായി ബന്ധിപ്പിച്ചാണ് ഇവ പ്രകാശിപ്പിക്കുന്നത്.
വെള്ളത്തില്‍ പ്രകാശം പരക്കുന്നതോടെ ഒരു കിലാമീറ്റല്‍ വരെ ദൂരത്തു നിന്ന് മത്സ്യക്കുഞ്ഞുങ്ങളടക്കമുള്ള മത്സ്യക്കൂട്ടം പ്രകാശത്തെ ലക്ഷ്യമാക്കി ഓടിയെത്തും. ഇവയെ കണ്ണിയടുപ്പം കുറഞ്ഞ റിങ്‌സീന്‍, പഴ്‌സീന്‍ വലകള്‍ ഉപയോഗിച്ച് ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെ മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ഊറ്റിയെടുക്കപ്പെടുന്നത് മത്സ്യസമ്പത്തിന്റെ ഭാവിക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. വന്‍കിട മീന്‍പിടുത്തക്കാരാണ് ഈ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ കോഴിത്തീറ്റയും മത്സ്യത്തീറ്റയും വളവും നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കോഴിത്തീറ്റ, മത്സ്യത്തീറ്റ, വളം നിര്‍മാണശാലകളിലാണ് മത്സ്യക്കുഞ്ഞുങ്ങള്‍ അസംസ്‌കൃത പദാര്‍ഥമെന്ന നിലയില്‍ എത്തിച്ചേരുന്നത്.
മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഈ രീതി നിലവിലുണ്ട്. കേരളത്തില്‍ ഇതു പ്രയോഗിച്ചു തുടങ്ങിയത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തുടക്കത്തില്‍ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ ഇനം എല്‍.ഇ.ഡി ലൈറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
അടുത്ത കാലത്തായി ജനറേറ്റര്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയേറിയ ലൈറ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്യാധുനിക ലൈറ്റുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ലൈറ്റിന്റെ ശക്തി കൂടുന്നതിനനുസരിച്ച് മത്സ്യക്കുഞ്ഞുങ്ങളുടെ നാശത്തിന്റെ അളവും കൂടുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് എല്‍.ഇ.ഡി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതാക്കള്‍ പറയുന്നു. ഇതിന്റെ പ്രത്യാഘാതം ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. കടലിലെ നിയമലംഘനങ്ങള്‍ ഫലപ്രദമായി തടയാനുള്ള സംവിധാനങ്ങള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൈവശം ഇല്ലാത്തത് ഇതിനു കാരണമാകുന്നുണ്ടെന്നും നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."