കേരളത്തില്‍ വോട്ട് തേടി 159 'താരങ്ങള്‍'
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയം പറഞ്ഞും മറ്റും വോട്ടുപിടിക്കാന്‍ കേരളത്തിലിറങ്ങുന്നത് 159 താരപ്രചാരകര്‍. തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച 'സ്റ്റാര്‍ കാംപയിനേഴ്സ്' പട്ടികയിലാണ് ദേശീയ നേതാക്കള്‍ മുതല്‍ യുവജന നേതാക്കള്‍ വരെ ഇടംപിടിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ അധ്യക്ഷന്‍മാര്‍, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങി വലിയ പട്ടികകളാണ് പാര്‍ട്ടികള്‍ സമര്‍പ്പിച്ചത്. മത്സരിക്കുന്നവരും ഇതിലുള്‍പ്പെടുന്നുണ്ട്.
കോണ്‍ഗ്രസും, മുസ് ലിം ലീഗും ബി.ജെ.പിയുമാണ് കൂടുതല്‍ താരങ്ങളെ ഇറക്കുന്നത്. കേരളത്തില്‍ 40 പേരെയാണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറക്കുന്നത്. സി.പി.എം 25, സി.പി.ഐ 14 പേരെയുമാണ് രംഗത്തിറക്കുന്നത്. അതേസമയം ഇവരില്‍ 17 വനിതകള്‍ മാത്രമാണുള്ളത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ ആന്റണി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, പി.ചിദംബരം, സിദ്ദരാമയ്യ, രേവന്ത് റെഡ്ഡി, സച്ചിന്‍ പൈലറ്റ്, ശശിതരൂര്‍, ഡി.കെ ശിവകുമാര്‍, കനയ്യകുമാര്‍, തുടങ്ങിയവരുള്‍പ്പെടെയുളള്ളവരാണ് കോണ്‍ഗ്രസിനുള്ളത്.
മുസ് ലിം ലീഗിനായി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുതല്‍ 40 പേരാണിറങ്ങുന്നത്.
സി.പി.എമ്മിനായി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ്കാരാട്ട്, ബൃന്ദകാരാട്ട്, സുഭാഷിണി അലി, തപന്‍സെന്‍, പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെ പ്രചാരണത്തിനിറങ്ങും. സി.പി.ഐക്കായി ജനറല്‍ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടറിമാരായ അമര്‍ജിത് കൗര്‍, ബി.കെ കാങ്കോ, കെ.നാരായണ, രാമകൃഷ്ണ പാണ്ഡേ, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ 14 പേരാണ് എത്തുന്നത്. ബി.ജെ.പിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ.പി നദ്ദ, രാജ്നാഥ് സിങ്, അമിത്ഷാ, നിതിന്‍ഗഡ്കരി, നിര്‍മല സീതാരാമന്‍, യോഗി ആദിത്യനാഥ്, മേജര്‍ രവി എന്നിവരും എത്തും.
കേരളത്തില്‍ 27749159 വോട്ടര്‍മാരാണുള്ളത്. കന്നി വോട്ടര്‍മാരെ ആകര്‍ഷിക്കുകയെന്നതാണ് പാര്‍ട്ടികളുടെ ലക്ഷ്യം. നിഷ് പക്ഷ വോട്ടുകളാണ് മുന്നണികള്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയത്തില്‍ താരപരിവേഷമുള്ള നേതാക്കളെ പ്രചാരണത്തിലിറക്കുക വഴി കന്നിവോട്ടര്‍മാരിലെ നിഷ് പക്ഷരെ സ്വാധീനിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."