അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ കപ്പ നട്ടു
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പ്രധാന റോഡായ ചേലൂര്‍- ആക്കാട്ട്കവല-ഹെല്‍ത്ത് സെന്റര്‍ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ കപ്പ നട്ടു. 15 വര്‍ഷത്തോളമായി റോഡില്‍ യാതൊരുവിധ പ്രവൃത്തികളും നടത്താത്തതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്കരമാണ്.
ഇതുമൂലം രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു പോലും കഴിയാത്ത അവസ്ഥയാണ്. നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായിട്ടും റോഡിനെ അവഗണിക്കുന്ന നിലാപാടാണ് ജനപ്രതിനിധികള്‍ സ്വീകരിക്കുന്നത്. പഞ്ചായത്തിന്റെ മറ്റു മേഖലകളില്‍ ഒട്ടും തകരാത്ത റോഡുകള്‍ ടാര്‍ ചെയ്യുമ്പോഴാണ് ഈ റോഡിനെ അധികൃതര്‍ അവഗണിക്കുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ റോഡില്‍ ഇളകിക്കിടക്കുന്ന കല്ലുകള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിച്ച് പരുക്കേല്‍ക്കുന്നതും പതിവായിരിക്കുകയാണ്. റോഡിനെ പഞ്ചായത്തും ബ്ലോക്കും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. പഞ്ചായത്തില്‍ ലക്ഷക്കണിക്ക് രൂപ വിനിയോഗിക്കാതെ നഷ്ടപ്പെട്ട് പോകുമ്പോഴും ബന്ധപ്പെട്ടവര്‍ റോഡിന് ഒരു പരിഗണനയും നല്‍കിയിട്ടില്ല. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ജോയി ജോസഫ് അധ്യക്ഷനായി. ജോസഫ് ആക്കന്തരി, ബാബു കട്ടിക്കാനായില്‍, ജോസ് നാമറ്റത്തില്‍, എ.ടി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."