സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങി: സ്പീക്കര്‍
കാസര്‍കോട്: സംസ്ഥാനത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുങ്ങിയെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ സ്‌കൂളുകളുടെ മികവ് തിരിച്ചറിഞ്ഞ് അഡ്മിഷനു വേണ്ടി രക്ഷിതാക്കള്‍ രാത്രി പോലും കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു. പൊയിനാച്ചി കരിച്ചേരി ഗവ. യു.പി സ്‌കൂളില്‍ നിര്‍മിച്ച മള്‍ട്ടിപര്‍പ്പസ് ഹാളിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങളെ തഴഞ്ഞ് സ്വകാര്യസ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന പഴയരീതിക്ക് മാറ്റം വന്നു. പൊതുവിദ്യാലയങ്ങള്‍ എല്ലാം ഹൈടെക്കായിക്കൊണ്ടിരിക്കുകയാണ്. മികച്ച പഠന അന്തരീക്ഷമാണ് ഇവിടങ്ങളില്‍ ലഭിക്കുന്നത്. പൊതുസാംസ്‌കാരിക ഇടങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം. കൂടുതല്‍ സമയം വിദ്യാലയങ്ങളില്‍ ചെലവഴിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം.
പുതിയ ലോകത്തോട് ചേര്‍ന്നുനില്‍ക്കുന്നതാകണം സ്‌കൂളുകളിലെ സാഹചര്യവും പഠനവുമെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കെ.വി കുഞ്ഞിരാമന്റെ സ്മരണയ്ക്കായി ഹാളില്‍ സ്റ്റേജ് നിര്‍മിച്ചു നല്‍കിയ നാരായണിയമ്മ കരിമ്പാലക്കാലിനെ സ്പീക്കര്‍ ചടങ്ങില്‍ ആദരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."