സാധാരണക്കാര്‍ക്ക് തിരിച്ചടി
കല്‍പ്പറ്റ: ബാങ്കുകള്‍ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാകുന്നു. മാര്‍ച്ച് ഒന്നു മുതല്‍ തന്നെ പ്രധാന സ്വകാര്യ ബാങ്കുകള്‍ സേവനങ്ങള്‍ക്കുള്ള നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഏപ്രില്‍ ഒന്നോടെ പൊതുമേഖല ബാങ്കായ എസ്.ബി.ഐയും സേവനങ്ങള്‍ക്ക് അധിക ചാര്‍ജുകള്‍ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ നോട്ട് നിരോധന ദുരന്തം മറക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി രംഗത്തെത്തിയ കേന്ദ്ര സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. എ.ടി.എം ഇടപാടുകള്‍ക്കുള്ള നിരക്കും മിനിമം ബാലന്‍സ് പിഴയും ഒഴിവാക്കണമെന്ന് എസ്.ബി.ഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം അടിക്കടി സേവനങ്ങള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിക്കുന്ന ബാങ്കുകളുടെ നിലപാടില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാണ്. സേവനങ്ങള്‍ക്ക് അധിക ചാര്‍ജും സേവന നികുതിയും ഈടാക്കാനുള്ള എസ്.ബി.ഐ തീരുമാനം 30 കോടിക്ക് മുകളിലുള്ള ഇടപാടുകരെയാണ് ബാധിക്കുക. ഗ്രാമീണ മേഖലകളിലെ അക്കൗണ്ട് ഉടമകളെയാണ് ബാങ്ക് തീരുമാനം കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. ഇതോടെ സാധാരണക്കാര്‍ ഇടപാടുകള്‍ക്ക് ബാങ്കിനെ ആശ്രയിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തല്‍.
ഇടക്കാലത്ത് ഇടപാടുകാരെ ആകര്‍ഷിക്കാന്‍ മിനിമം ബാലന്‍സ് വേണ്ടെന്ന് എസ്.ബി.ഐ തീരുമാനിച്ചിരുന്നു. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും ചെറുകിട നിക്ഷേപകര്‍ക്കും മിനിമം ബാലന്‍സ് പിഴ, എ.ടി.എം ഇടപാട് ചാര്‍ജ് എന്നീ ഇനങ്ങളില്‍ തങ്ങളുടെ അദ്ധ്വാനത്തിന്റെ ഒരംശം നഷ്ടപ്പെടും. നിലവില്‍ ബാലന്‍സില്ലാതെ പണം പിന്‍വലിക്കാന്‍ എ.ടി.എം ഉപയോഗിച്ചാല്‍ 23 രൂപ ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രമുള്ള എ.ടി.എമ്മുകളില്‍ ഇതറിയാതെ കുറവ് തുക പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴും ബാങ്ക് പണം ഈടാക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ എ.ടി.എമ്മുകളില്‍ ഇപ്പോഴും പൂര്‍ണമായി പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ ലഭിച്ചു തുടങ്ങിയിട്ടില്ല. ഇതിനിടക്കാണ് സേവനങ്ങള്‍ക്കായി ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിച്ചത്.
ഭൂരിഭാഗം തോട്ടം തൊഴിലാളികള്‍ക്കും നിലവില്‍ ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം വിതരണം ചെയ്യുന്നത്. ഉപജീവനത്തിന് തന്നെ പാടുപെടുന്ന തൊഴിലാളികളുടെ അക്കൗണ്ടുകളില്‍ നിന്നടക്കം മിനിമം ബാലന്‍സ് പിഴ ഈടാക്കി ബാങ്കുകള്‍ കൊള്ള നടത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. പെന്‍ഷന്‍ കൊണ്ടു മാത്രം ഉപജീവനം നടത്തുന്നവരുടേയും സ്ഥിതിയിതാണ്. നോട്ട് രഹിത ഇടപാടുകള്‍ക്ക് പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ബോധവല്‍കരണത്തിന് കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതിനിടയിലാണ് ബാങ്കുകള്‍ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."