പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 114.09 കോടി അനുവദിച്ചു
തിരുവനന്തപുരം: പ്രാദേശിക സര്‍ക്കാരുകളോട് ഉദാര സമീപനവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വകയിരുത്തിയ 1426.71 കോടിയുടെ ബജറ്റ് വിഹിതത്തില്‍നിന്ന് 114.09 കോടിയുടെ രണ്ടാം ഗഡു അനുവദിച്ചു. എല്ലാ ട്രഷറി നിയന്ത്രണങ്ങളില്‍നിന്നും ഒഴിവാക്കിയാണ് തുക അനുവദിച്ചത്. പൊതുആവശ്യ ഫണ്ടായി നീക്കിവച്ച തുകയാണ് മാസതവണകളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്‌പെഷല്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തത്. 114,08,84,278 രൂപ മെയ് മാസത്തെ വിഹിതമായി അനുവദിച്ചു.
ഗ്രാമപഞ്ചായത്തുകള്‍ക്ക് 81,43,54,000 രൂപയാണ് വിഹിതമായി അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 5,08,18,616 രൂപയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 3,57,25,662 രൂപയും അനുവദിച്ചു. 14,14,69,667 രൂപയാണ് നഗരസഭകളുടെ വിഹിതം. കോര്‍പറേഷനുകള്‍ക്ക് 9,85,16,333 രൂപയും പൊതുആവശ്യ ഫണ്ടിന്റെ രണ്ടാം ഗഡുവായി അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ബില്‍ ട്രഷറികളില്‍ ഹാജരാക്കുന്ന മുറയ്ക്ക് സ്‌പെഷല്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്കു പണം ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് നല്‍കാനാണ് നിര്‍ദേശം.
തദ്ദേശ സ്വയംഭരണ വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗത്തിന്റെ ഏകീകരണം നിലവില്‍ വരുന്നത് വരെ തദ്ദേശ സ്ഥാപനങ്ങള്‍ 5,86,29,729 രൂപ ശമ്പളം നല്‍കാനായി ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യണം. ഗ്രാമപഞ്ചായത്തുകള്‍ 75,68,106 രൂപയും നഗരസഭകള്‍ 2,91,02,349 രൂപയും കോര്‍പറേഷനുകള്‍ 2,19,59,274 രൂപയും വീതമാണ് എന്‍ജിനീയറിങ് വിഭാഗത്തിന് ശമ്പളം നല്‍കാനായി മാസം തോറും മാറ്റിവയ്‌ക്കേണ്ട വിഹിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."