ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ തേടുന്ന വഴികളിലും കുരുക്ക്
ബാലുശ്ശേരി: ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ അധികൃതര്‍ തേടുന്ന വഴികളിലും അഴിയാത്ത കുരുക്ക്. ഗതാഗതക്കുരുക്കില്‍ നിന്നു ടൗണിനെ മോചിപ്പിക്കാനുള്ള പരിഷ്‌കരണങ്ങളും പദ്ധതികളുമാണ് ലക്ഷ്യം കാണാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്.
പരിഹാര പദ്ധതികളിലൊന്നായ ബൈപാസ് റോഡ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതാണ് തടസമായി നില്‍ക്കുന്നത്. ബ്ലോക്ക് റോഡില്‍ നിന്നു വൈകുണ്ഠം, ജയ്‌റാണി സ്‌കൂള്‍, ഹൈസ്‌കൂള്‍ റോഡ്, പോസ്റ്റ് ഓഫിസ് റോഡ് വഴി ബാലുശ്ശേരി മുക്കിനടുത്തു സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
2016 ബജറ്റില്‍ ഇതിന് പത്തു കോടി രൂപയും വകയിരുത്തിയിരുന്നു. എന്നാല്‍ റോഡ് കടന്നുപോകുന്ന പ്രദേശത്തെ സ്ഥലഉടമകളില്‍ നിന്ന് റോഡിനാവശ്യമായ ഭൂമി ലഭ്യമാക്കാന്‍ കഴിയാഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ച അവസ്ഥയിലാണ്.
ബാലുശ്ശേരി പോസ്റ്റ് ഓഫിസ് ഭാഗം മുതല്‍ താഴെ ബസ് സ്റ്റാന്‍ഡ് വരെ പ്രധാന പാതയിലെ വാഹന പാര്‍ക്കിങ്ങാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നത്.
ടൗണില്‍ സര്‍വിസ് നടത്തുന്ന അഞ്ഞൂറിലധികം വരുന്ന ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും പുറമേ മറ്റു വാഹനങ്ങളും പ്രധാന പാതയില്‍ പാര്‍ക്കു ചെയ്യുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാവുകയാണ്.
സുരക്ഷിതമായ പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിലെ വീഴ്ചയാണ് ഗതാഗത തടസത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു ഭാഗത്ത് ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണ് ബസ് സ്റ്റാന്‍ഡ് നവീകരണം നടത്താന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ നവീകരണം അനന്തമായി നീളുന്നത് ഇതിനും വിഘാതമാകുകയാണ്. പൊലിസും ചില ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടത്താറുണ്ടെങ്കിലും നാളുകള്‍ക്കുള്ളില്‍ പൂര്‍വ സ്ഥിതിയിലാവുകും ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."