കൂടുതല്‍ കേസുകള്‍ കെ സുരേന്ദ്രന്; രാഹുല്‍ ഗാന്ധിക്ക് 18 കേസ്
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണി സ്ഥാനാര്‍ത്ഥികളില്‍ യാതൊരു കേസുകളും നിലവില്‍ ഇല്ലാത്തവര്‍ എട്ടുപേര്‍. ബാക്കിയുള്ള 52 പേരും കേസുകളില്‍ നിന്ന് മുക്തരല്ല. നാമനിര്‍ദേശപത്രികയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലാണ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൂടുതലും സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുമാണ്. ആരോപണങ്ങളും വിവാദങ്ങളുമായും ബന്ധപ്പെട്ട കേസുകള്‍ കോടതികളിലുള്ളവരുണ്ട്. കേസുകളിലെല്ലാം ജാമ്യം എടുത്ത ശേഷമാണ് മത്സരരംഗത്ത് സജീവമായിരിക്കുന്നത്.
കാസര്‍കോഡ് മത്സരിക്കുന്ന എം.വി ബാലകൃഷ്ണന്‍, ആലത്തൂരിലെ സ്ഥാനാര്‍ത്ഥി മന്ത്രി കെ രാധാകൃഷ്ണന്‍, ചാലക്കുടിയില്‍ മത്സരിക്കുന്ന മുന്‍മന്ത്രി സി രവീന്ദ്രനാഥ് എന്നിവരാണ് എല്‍.ഡി.എഫിലെ കേസില്ലാത്തവര്‍. എം.എല്‍ അശ്വിനി (കാസര്‍കോഡ് ), എം.ടി രമേശ് (കോഴിക്കോട്), ഡോ. അബ്ദുല്‍സലാം (മലപ്പുറം), ടി.എന്‍ സരസു (ആലത്തൂര്‍ ), കെ.എ. ഉണ്ണികൃഷ്ണന്‍(ചാലക്കുടി) എന്നിവരാണ് കേസുകളില്‍ നിന്ന് മുക്തരായ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ 20 പേര്‍ക്കുമെതിരേ കേസുകളുണ്ട്.
കേസുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രനും എറണാകുളത്തെ സ്ഥാനാര്‍ഥി ഡോ.കെ.എസ് രാധാകൃഷ്ണനുമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ സുരേന്ദ്രനെതിരേ 243 ഉം വൈസ് പ്രസിഡന്റായ രാധാകൃഷ്ണനെതിരേ 211 കേസുകളുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഇടുക്കിയിലെ ഡീന്‍ കൂര്യാക്കോസിനെതിരേയാണ്. 70 കേസുകളാണ് നിലവിലുള്ളത്. 39 കേസുകളുമായി വടകരയിലെ ഷാഫി പറമ്പിലും 18 കേസുകളുമായി വയനാട്ടിലെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമുണ്ട്. കണ്ണൂരിലെ സ്ഥാനാര്‍ഥി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും ആറ്റിങ്ങലിലെ അടൂര്‍ പ്രകാശിനും എതിരേ 14 കേസുകള്‍ വീതമുണ്ട്്. ബെന്നി ബഹ് നാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്ക് അഞ്ച് വീതം കേസുകളാണ് നിലനില്‍ക്കുന്നത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശശി തരൂരിന് 13 കേസുകളുണ്ട്.
രമ്യഹരിദാസ്, കെ മുരളീധരന്‍ എന്നിവര്‍ക്ക് ഒമ്പത് വീതവും രാജ് മോഹന്‍ ഉണ്ണിത്താന്‍ , എം.കെ രാഘവന്‍ എന്നിവര്‍ക്ക് നാല് വീതവും കേസുകളാണ് ഉള്ളത്. ഹൈബി ഈഡന്‍ - എട്ട്, കൊടിക്കുന്നില്‍ സുരേഷ് ആറ്്, കെ.സി വേണുഗോപാല്‍ - രണ്ട് , മറ്റുള്ളവര്‍ക്കെല്ലാം ഓരോ കേസുകളുമാണ് ഉള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കുടുതല്‍ കേസുകളുള്ളത് കണ്ണൂരിലെ എം.വി ജയരാജനാണ്. ഒമ്പത് കേസുകളാണ് ഉള്ളത്.
ഇടുക്കിയിലെ ജോയ്സ് ജോര്‍ജിന് എട്ടും പത്തനം തിട്ടയിലെ തോമസ് ഐസക്കിന് ഏഴും കേസുകളുണ്ട്. തോമസ് ചാഴിക്കാടനും എ.എം ആരിഫിനും മൂന്ന് വീതം കേസുകളും പന്ന്യന്‍ രവീന്ദ്രന്‍, സി.എ അരുണ്‍കുമാര്‍,വി.എസ് സുനില്‍കുമാര്‍, കെ.ജെ.ഷൈന്‍ എന്നിവര്‍ക്ക് രണ്ട് വീതം കേസുകളുമുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം ഓരോ കേസുകള്‍ മാത്രമാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായ സി കൃഷ്ണകുമാര്‍ ഒമ്പത്, ബൈജു കലാശാല ഏഴ്, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, നിവേദിത സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്ക് അഞ്ചുവീതവും സുരേഷ് ഗോപിക്ക് നാലും പ്രഫുല്‍ കൃഷ്ണന് ആറും തുഷാര്‍ വെള്ളാപ്പള്ളിക്ക് മൂന്നും കേസുകളാണ് നിലവിലുള്ളത്. മറ്റുള്ളവര്‍ക്കെല്ലാം ഓരോ കേസുകള്‍ വീതവുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."