കുണ്ടൂര്‍തോട്: സര്‍വേ വൈകുന്നതായി ആക്ഷേപം
തിരൂരങ്ങാടി: അപേക്ഷ നല്‍കി ഒരുവര്‍ഷം പിന്നിട്ടിട്ടും കുണ്ടൂര്‍തോട് നവീകരണ സര്‍വേ നടപടികള്‍ വൈകുന്നു. നന്നമ്പ്ര പഞ്ചായത്താണ് സ്വകാര്യവ്യക്തികള്‍ കൈവശംവച്ച കുണ്ടൂര്‍ തോടിന്റെഭൂമി തിരിച്ചുപിടിക്കാന്‍ സര്‍വേയ്ക്കായി അപേക്ഷ നല്‍കിയത്. സര്‍വേക്ക് വേണ്ട 29,384 രൂപ അടക്കുകയും സര്‍വേ കല്ലുകള്‍ക്കുള്ള പണവും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരുവര്‍ഷംകഴിഞ്ഞിട്ടും താലൂക്ക് സര്‍വേ വിഭാഗത്തിന് യാതൊരു അനക്കവുമില്ലെന്ന് പഞ്ചായത്ത് കുറ്റപ്പെടുത്തി.
കൊടിഞ്ഞി വെഞ്ചാലിയില്‍ നിന്നും ആരംഭിച്ച് കുണ്ടൂര്‍ മൂലക്കലില്‍ അവസാനിക്കുന്ന തോടിന് എട്ട് മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ മിക്കയിടങ്ങളിലും അഞ്ച് മീറ്ററില്‍ താഴെയാണ് വീതി. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊടിഞ്ഞി മേഖല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 2015 അവസാനത്തില്‍ പഞ്ചായത്ത് ഭരണ സമിതിക്ക് പരാതി നല്‍കിയിരുന്നു.
തോട് പലയിടങ്ങളിലും കൈയേറിയിട്ടുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് 2016ല്‍ നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി സര്‍വേ നടത്താന്‍ തീരുമാനിക്കുകയും പണം കെട്ടിവെയ്ക്കുകയുമായിരുന്നു. സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് വികസന സമിതിയടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇപ്പോഴും താലൂക്ക് സര്‍വേ വിഭാഗത്തിന് അനക്കമില്ല.
2015ലെ ബജറ്റില്‍ കുണ്ടൂര്‍ തോട് നവീകരണത്തിനായി 15 കോടിരൂപ അനുവദിച്ചിരുന്നു. പിന്നീട് പദ്ധതി കിഫ്ബി ഏറ്റെടുക്കുകയും ടെന്‍ഡര്‍ നടപടിക്കുള്ള ഒരുക്കത്തിലുമാണിപ്പോള്‍. തോട് നവീകരിക്കുന്നതിന്മുമ്പായി സര്‍വ്വേ നടത്തണമെന്നാണ് പൊതു ആവശ്യം. വെഞ്ചാലി, കൊടിഞ്ഞി, ചെറുമുക്ക്, കുണ്ടൂര്‍, അത്താണി, തെയ്യാല ഭാഗങ്ങളിലേക്ക് കൃഷിക്ക് വെള്ളമെത്തിക്കുന്നതിനുള്ള പ്രധാന തോടാണിത്. താലൂക്കിലെ നെല്ലറ എന്നറിയപ്പെടുന്ന നന്നമ്പ്രയിലെ കൃഷിക്ക് തോട് നവീകരിച്ചാല്‍ കര്‍ഷകര്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കും ഏറെ ഗുണം ചെയ്യും. അതേ സമയം, അഞ്ച് കിലോമീറ്ററോളം നീളമുള്ള കുണ്ടൂര്‍ തോട് സര്‍വേ നടത്താന്‍ കൂടുതല്‍ സര്‍വേയര്‍മാരെ ആവശ്യമാണെന്നും ഈ ആവശ്യം കലക്ടറെ അറിയിച്ചിട്ടുണ്ടെന്നുമാണ് താലൂക്ക് സര്‍വേ വിഭാഗം പറയുന്നത്. സര്‍വേ നടക്കാത്തത് കാരണം തോടിന്റെ നവീകരണം മുടങ്ങുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്.
കുണ്ടൂര്‍ തോട് സര്‍വേയില്‍ അനാവശ്യ കാലതാമസം സൃഷ്ടിക്കുന്നതില്‍ പ്രതിഷേധിച്ച് നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മാര്‍ച്ച് 30ന് തിരൂരങ്ങാടി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. സര്‍വേക്ക് ഏറ്റവും ഉചിതമായ ഈ സമയത്ത് ഉദ്യോഗസ്ഥര്‍ ഈ നിലപാടാണ് തുടരുന്നതെങ്കില്‍ അത്തരം ജീവനക്കാരെ വഴിയില്‍ തടയുമെന്നും യൂത്ത് ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഇ.പി മുജീബ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യു.എ റസാഖ് അധ്യക്ഷനായി. ജാഫര്‍ പനയത്തില്‍, ഷമീര്‍ പൊറ്റാണിക്കല്‍, യു ഷാഫി, എം.സി അന്‍വ്വര്‍, ഇല്ലിക്കല്‍ സക്കരിയ്യ, കെ.കെ സാദിഖ്, കെ മനാഫ്, കെ മുഹ്‌യുദ്ദീന്‍, ഹക്കീം മൂച്ചിക്കല്‍, ടി ആസിഫ്, ടി സാലിഹ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."