കൂട്ടപുഴ പാലം നിര്‍മാണ പ്രതിസന്ധി പരിഹാര നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് താലൂക്ക് വികസനസമിതി
ഇരിട്ടി: കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പാലം നിര്‍മ്മാണത്തില്‍ കര്‍ണ്ണാടക വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായ എതിര്‍പ്പ് പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ബെംഗളൂരുവില്‍ എത്തി കര്‍ണാടക അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായും വനം ചീഫ് കണ്‍സര്‍വേറ്ററുമായി ചര്‍ച്ചനടത്തിയതായി സണ്ണിജോസഫ് എം. എല്‍. എ യോഗത്തില്‍ പറഞ്ഞു.
പാലം നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനുള്ള അനുകൂല നിലപാടാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്. അനുമതിക്കായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ ഭരണകൂടവും കെ.എസ്.ടി.പിയും ചേര്‍ന്ന് അനുമതി പത്രം ലഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ റോഡ് വീതികൂട്ടന്നതിനും കൈയേറ്റംഒഴിപ്പിക്കുന്നതിനുമായി സംയുക്ത സര്‍വെ നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി 14, 15 ,17 തീയതികളില്‍ നഗരത്തില്‍ സര്‍വ്വെ നടത്താന്‍ തീരുമാനിച്ചതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. 50 രൂപയുടെ മുദ്രകടലാസിനും റവന്യു സ്റ്റാമ്പിനും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
താലൂക്കിലെ 19 വില്ലേജുകളില്‍ 14 എണ്ണത്തിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചതായി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.
മഴയ്ക്ക് മുന്‍പ്‌പൊതുമരാമത്ത് റോഡുകളിലെ അപകടാവസ്ഥയിലായതും ഉണങ്ങിയതുമായ മരങ്ങള്‍ മുറിച്ചു നീക്കണമെന്ന് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ആവശ്യപ്പെട്ടു.
ഇരിട്ടി താലൂക്ക് ആശുപത്രിയിലെവോള്‍ട്ടേജ് ക്ഷാമവും കുടിവെള്ള പ്രശ്‌നവും പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് പി.പി രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടുപ്പറമ്പില്‍( ആറളം), ഇന്ദിര ശ്രീധരന്‍(കൊട്ടിയൂര്‍), ടി. ശ്രീജ(പടിയൂര്‍) എന്‍. അശോകന്‍ (പായം), ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗിസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ചന്ദ്രന്‍ തില്ലങ്കേരി, ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴി, ഇബ്രാഹിം മുണ്ടേരി, എന്‍.പി മുഹമ്മദലി, വി.വി ചന്ദ്രന്‍, കെ.ജി ദിലീപ്, പായം ബാബുരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."