ഗുരുത്വക്കേടാണ് എന്നെ ഞാനാക്കിയത്: ഇന്ദ്രന്‍സ്
പയ്യന്നൂര്‍: ഗുരുത്വക്കേടാണ് എന്നെ ഞാനാക്കിയതെന്ന് നടന്‍ ഇന്ദ്രന്‍സ്. അമ്മയുടെയും അധ്യാപകരുടെയും പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത ബാല്യകാലമായിരുന്നു തന്റേതെന്നും 'നീ നാട്ടുകാരെക്കൊണ്ടു ചിരിപ്പിക്കും' എന്ന അമ്മയുടെ ശാപവാക്കാണ് തനിക്ക് അനുഗ്രഹമായതെന്നും അദ്ദേഹം പറഞ്ഞു. വെള്ളൂര്‍ ജവഹര്‍ വായനശാല ബാലവേദി സംഘടിപ്പിച്ച രാക്കിളിക്കൂട്ടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ വസ്ത്രാലങ്കാരക്കാരനായി പ്രവര്‍ത്തിക്കുമ്പോഴും സ്വന്തം നാട്ടിലെ കലാസമിതിയാണ് തനിക്ക് അഭിനയത്തിന് അവസരം നല്‍കിയത്. വലിയ താരമാകാനല്ല ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരനായി നിങ്ങള്‍ക്കിടയില്‍ ജീവിക്കാനാണ് ആഗ്രഹം. ഇഷ്ടപ്പെട്ട നടനേതെന്ന കുട്ടികളുടെ ചോദ്യത്തിന് ചാര്‍ലി ചാപ്ലിന്‍ എന്നും മലയാളത്തിലെ ഇഷ്ടനായിക കവിയൂര്‍ പൊന്നമ്മയെന്നുമായിരുന്നു ഇന്ദ്രന്‍സിന്റെ ഉത്തരം. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. പി.വി മഹേഷ്, വത്സന്‍ സംസാരിച്ചു. വായനശാലയുടെ ഉപഹാരം ഇ. ഭാസ്‌ക്കരന്‍ നല്‍കി. കൃഷ്ണകുമാര്‍ പള്ളിയത്ത് നാട്ടുപഴമ അവതരിപ്പിച്ചു. രാക്കിളിക്കൂട്ടത്തിന്റെ നാലാം ദിവസമായ ഇന്ന് ഡോ. എ.കെ വേണുഗോപാല്‍ ജീവന്‍രക്ഷയുടെ നൂതന മാര്‍ഗങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."