ജീവിതത്തിന്റെ കയ്പുനീര്‍ പങ്കുവച്ച് തൊഴിലാളി സംഗമം
പാപ്പിനിശ്ശേരി: ജീവിതത്തിന്റെ ഏറിയ പങ്കും പാപ്പിനിശേരി വെസ്റ്റേണ്‍ ഇന്ത്യാ കോട്ടണ്‍സിനു വേണ്ടി അധ്വാനിച്ച തൊഴിലാളികള്‍ 14 വര്‍ഷത്തിന് ശേഷം വീണ്ടും സംഗമിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഒട്ടുമിക്ക തൊഴിലാളികളും അവരവരുടെ ജീവിതത്തിന്റെ കയ്പുനീര്‍ പങ്കുവച്ചു.
സ്വാതന്ത്ര്യസമര പോരാളികളുടെ വിഹാര കേന്ദ്രമായിരുന്ന ആറോണ്‍ മില്ലാണ് 1957ല്‍ വെസ്റ്റേണ്‍ ഇന്ത്യാ കോട്ടണ്‍സായി പുനര്‍നാമകരണം ചെയ്തത്. 2004 സെപ്റ്റംബറിലാണ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണെന്നു മാത്രം കമ്പനി മാനേജ്‌മെന്റ് അറിയിച്ചത്.
നിയമപ്രകാരം അടച്ചുപൂട്ടാതെ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിച്ചിരിക്കുകയാണെന്നാണ് തൊഴിലാളികളുടെ മുഖ്യ ആരോപണം. പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി കാണിച്ചതിനാല്‍ ഗ്രാറ്റിവിറ്റി ഇനത്തില്‍ മാത്രം അര്‍ഹതപ്പെട്ട ആനുകൂല്യത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. കല്യാശ്ശേരി, പാപ്പിനിശേരി, ആന്തൂര്‍ മേഖലകളിലെ സാധാരണ ജനങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട് കാലം ജീവിതോപാധി നല്‍കിയ മുഖ്യ വ്യവസായശാല കൂടിയായിരുന്നു കോട്ടണ്‍സ്. കമ്പനിയിലെ സൈറണ്‍ നിലച്ചതോടെ പാപ്പിനിശ്ശേരിയുടെ വ്യാവസായിക പ്രതാപം കൂടി അസ്തമിക്കുകയായിരുന്നു. സംഗമം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. നിത്യദാസ് അധ്യക്ഷനായി. പി. ചന്ദ്രന്‍, കെ.വി ജനാര്‍ദനന്‍, ടി. ശ്രീനിവാസന്‍, ഇ.വി ജനാര്‍ദനന്‍, കെ. ചന്ദ്രന്‍, എം. അബ്ദുല്‍ റഹിമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."