ഒരു ദിവസം പ്രായമുള്ള കന്നുകുട്ടിക്ക് അപൂര്‍വ ശസ്ത്രക്രിയ
മണ്ണാര്‍ക്കാട്: ഒരു ദിവസം പ്രായമുള്ള കന്നുകുട്ടിക്ക് മണ്ണാര്‍ക്കാട് വെറ്റിനറി പോളിക്ലിനിക്കില്‍ വിജയകരമായ ശസ്ത്രക്രിയ. വിയ്യകുര്‍ശ്ശി കാളയംകോട് വീട്ടില്‍ ചാമിയുടെ വീട്ടിലെ ജയ്സി സങ്കരയിനത്തില്‍പ്പെട്ട ആറുവയസ്സ് പ്രായമുളള പശുവിന്റെ നാലാമത്തെ പ്രസവത്തിലെ കന്നുകുട്ടിയാണ് അപൂര്‍വ്വ രോഗവുമായി ഞായറാഴ്ച രാത്രി 11 മണിയോടെ പ്രസവിച്ചത്.
കന്നുകുട്ടികളില്‍ അത്യപൂര്‍വമായി കാണുന്ന ഒരു ജനിതക വൈകല്യമായ കണ്ജനിറ്റിക്കല് എക്സ്ടേണല് ഹൈഡ്രോസഫല്സ് എന്ന രോഗമാണിത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് മണ്ണാര്‍ക്കാട് വെറ്റിനറി പോളി ക്ലിനിക്കില്‍ കന്നുകുട്ടിയെ എത്തിക്കുന്നത്.
തലയോടിന് മുകളില്‍ രൂപപ്പെട്ട വലിയ മുഴയില്‍ നിന്നും 4 മണിക്കൂര്‍ നീണ്ട ചികിത്സക്ക് ശേഷം 3.4 ലിറ്റര്‍ സെറിബ്രോസ്പൈനല്‍ ദ്രാവകമാണ് പുറത്തെടുത്തത്. പുറത്ത് രൂപാന്തരപ്പെട്ട മുഴയുടെ തൊലി ചൊവ്വാഴ്ച രാവിലെ തുന്നിച്ചേര്‍ക്കുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
സീനിയര്‍ വെറ്റിനറി സര്ജന് ഡോ. ഷാജി പണിക്കശ്ശേരി, വെറ്റിനറി സര്ജന് ഡോ. സയ്യിദ് അബൂബക്കര്‍ സിദ്ദീഖ്, ഡോ. ആന്റണി, ഡോ. അബ്ദുറഹിമാന് വിദഗ്ധ ചികിത്സക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."