താലൂക്കാശുപത്രി ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി
കുന്നംകുളം: കുന്നംകുളം താലൂക്കാശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വിധവയെ അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. ജോലിയില്‍ തിരിച്ചു പ്രവേശിക്കാനായില്ലെങ്കില്‍ ആശുപത്രി കെട്ടിടത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് വയോധികയുടെ ഭീഷണി.
പോര്‍ക്കുളം സ്വദേശിയായ വടക്കന്‍ഹൗസില്‍ കെ.സി കുഞ്ഞിമോളെന്ന വയോധികയെയാണ് അധികൃതര്‍ അകാരണമായി പിരിച്ചുവിട്ടതായി പറയുന്നത്. അഞ്ചു വര്‍ഷം മുന്‍പാണ് കുഞ്ഞിമോള്‍ കുന്നംകുളം താലൂക്കാശുപത്രിയില്‍ സുരക്ഷാജീവനക്കാരിയായ ജോലിയില്‍ പ്രവേശിച്ചത്. പകല്‍സമയത്തെ സുരക്ഷാചുമതലയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ആളില്ലാത്തതിനാല്‍ പകല്‍സമയത്തും രാത്രികാലങ്ങളിലും ഇവര്‍ ജോലി ചെയ്യേണ്ടതായി വന്നു. ആശുപത്രി അധികൃതര്‍ തന്നെയാണ് രാത്രികാലത്തെ സുരക്ഷാചുമതല കൂടി ഏറ്റെടുക്കാന്‍ ഇവരോട് ആവശ്യപ്പെട്ടതെന്ന് പറയുന്നു. കുഞ്ഞിമോളും ഷൊര്‍ണൂര്‍ സ്വദേശിയായ മറ്റൊരാളുമാണ് ആശുപത്രിയില്‍ സുരക്ഷാജീവനക്കാരായി ജോലി ചെയ്തു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ നവംബര്‍ 15നു ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇവര്‍ക്ക് അധികൃതരില്‍ നിന്നും മെമ്മോ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോള്‍ രാത്രികാലങ്ങളില്‍ സ്ത്രീകളെ സുരക്ഷാജീവനക്കാരായി നിര്‍ത്തേണ്ടന്നു എച്ച്.എം.സി യോഗത്തില്‍ വന്ന തീരുമാനത്തെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ ഇവര്‍ പകല്‍സമയത്തെ സുരക്ഷാജീവനക്കാരിയായാണ് ജോലിയില്‍ പ്രവേശിച്ചതെന്നും അതിനാല്‍ ജോലിയില്‍ ഇനിയും തുടരാന്‍ അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
പിരിച്ചുവിട്ടതിനു ശേഷം പലതവണ തിരിച്ചെടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇത്രയും കാലം കുഞ്ഞിമോള്‍ കാത്തിരുന്നതെന്നു പറയുന്നു. അകാരണമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ട കുഞ്ഞിമോള്‍ ഇപ്പോള്‍ മറ്റു ഉപജീവനമാര്‍ഗ്ഗമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. ആശുപത്രി സൂപ്രണ്ടിനോടും കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണിനോടും ഉള്‍പ്പടെയുള്ളവരോട് പരാതികള്‍ ബോധിപ്പിച്ചിട്ടും എച്ച്.എം.സി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നായിരുന്നു മറുപടി. 13 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ കുഞ്ഞിമോളുടെ ജീവിതം ദുരിതപൂര്‍ണ്ണമാവുകയായിരുന്നു.
ആശുപത്രിയിലെ ജോലിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവര്‍ ജീവിച്ചു പോന്നിരുന്നത്. അതേസമയം ആശുപത്രിയില്‍ സുരക്ഷാജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കാനുള്ള എച്ച്.എം.സിയുടെ തീരുമാനത്തെ തുടര്‍ന്നാണ് കുഞ്ഞിമോളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തന്നെ ജോലിയില്‍ തിരിച്ചെടുക്കാതിരുന്നാല്‍ ആശുപത്രി കെട്ടിടത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് കുഞ്ഞിമോള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."